ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇന്ത്യയിൽ ഓരോ വർഷവും 1,70,000ത്തിലധികം റോഡ് അപകടങ്ങൾ നടക്കുന്നതിനാൽ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഡ്രൈവിങ് ലൈസൻസുകൾക്ക് ‘മെറിറ്റ് ആൻഡ് ഡീമെറിറ്റ്’ സംവിധാനം ഉൾപെടുത്തുന്നതോടെ നിയമം ലംഘിക്കുന്നവർക്ക് ലൈസൻസുകളിൽ നെഗറ്റീവ് പോയിന്റ് ലഭിക്കും.
വിദേശരാജ്യങ്ങളായ ഓസ്‌ട്രേലിയ, യു.കെ, ജർമ്മനി, ബ്രസീൽ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ലൈസൻസിൽ നെഗറ്റീവ് പോയിന്റ് സംവിധാനം നടപ്പിലാക്കുന്നതോടൊപ്പം നിലവിലുള്ള പിഴ ചുമത്തുന്നതിൽ വർധനവ് കൊണ്ടുവന്ന് രണ്ട് മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതർ പറഞ്ഞു.
പുതിയ നിയമമനുസരിച്ച് അമിതവേഗത, ചുവന്ന സിഗ്‌നൽ മറികടക്കൽ, അശ്രദ്ധമായി വാഹനമോടിച്ച് അപകടങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് ലൈസൻസിൽ നെഗറ്റീവ് പോയിന്റുകൾ ലഭിക്കും. നെഗറ്റീവ് പോയന്റുകൾ കൂടുതൽ നേടിയാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യും. കൂടാതെ ഗതാഗത നിയമം ലംഘിക്കുന്നവർക്ക് ലൈസൻസ് പുതുക്കാൻ നേരം വീണ്ടും നിർബന്ധിത ടെസ്റ്റും നടത്തേണ്ടി വരും. നിലവിൽ കാലാവധി കഴിയുന്നതിന് മുമ്പ് ലൈസൻസ് പുതുക്കുമ്പോൾ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ല. പദ്ധതി വിജയകരമായി നടപ്പിലാക്കിയാൽ രാജ്യത്തെ പൗരന്മാരുടെ ഡ്രൈവിങ് ശീലത്തിൽ മാറ്റം വരുമെന്നും വാണിജ്യ വാഹങ്ങൾ എക്സ്പ്രസ് വേയിൽ ട്രാക്ക് തെറ്റിച്ചോടുന്ന ഡ്രൈവിങ് സംവിധാനം അവസാനിപ്പിക്കുമെന്നും റോഡ് ഗതാഗത മന്ത്രാലയം അവകാശപ്പെട്ടു.