‘സർബത്ത് വിറ്റ് കിട്ടുന്ന പണം മദ്രസയും പള്ളിയും പണിയാൻ ഉപയോഗിക്കുന്നു’; ബാബ രാംദേവിന്റെ പരാമർശത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

0
17

റൂഹ് ഹഫ്‌സയുടെ നിർമാതാക്കളായ ഹംദാർദിനെതിരെ ബാബ രാംദേവ് നടത്തിയ വിവാദമായ “സർബത്ത് ജിഹാദ്” പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി ഹൈക്കോടതി. അധിക്ഷേപപരമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം കോടതിയലക്ഷ്യ നോട്ടീസ് അയക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

രാംദേവ് ആരുടെയും നിയന്ത്രണത്തില്‍ അല്ലെന്നും തന്റേതായ ലോകത്തില്‍ ജീവിക്കുകയാണെന്നും ഡല്‍ഹി ഹൈക്കോടതി വിമർശിച്ചു. മരുന്നു – ഭക്ഷ്യ നിര്‍മാണ കമ്പനിയായ ഹാംദർദ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജഡ്ജി ജസ്റ്റിസ് അമിത് ബന്‍സാലിന്‍റെ വിമര്‍ശനം.

ഹംദാർദ് ഉൾപ്പെടെയുള്ള എതിരാളികളുടെ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്നതിന് സമാനമായ ഒരു പ്രസ്താവനയും വീഡിയോകളും ഭാവിയിൽ പങ്കിടരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാംദേവ് വീണ്ടും ആക്ഷേപകരമായ ഉള്ളടക്കം അടങ്ങിയ വീഡിയോ പ്രസിദ്ധീകരിച്ചതായി ഹംദാർദിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

“രാംദേവ് ആരെയും നിയന്ത്രിക്കുന്നില്ല. അദ്ദേഹം സ്വന്തം ലോകത്താണ് ജീവിക്കുന്നത്” എന്ന് ജഡ്ജി കൂട്ടിച്ചേർത്തു. വിവാദ പരാമർശങ്ങളുടെ പേരിൽ രാംദേവിനും അദ്ദേഹത്തിന്റെ പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡിനുമെതിരെ ഹംദാർദ് നാഷണൽ ഫൗണ്ടേഷൻ ഇന്ത്യ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

അതേസമയം, രാംദേവ് ഒരു പുതിയ വീഡിയോയുമായി എത്തിയെന്നും കോടതി ഉൾപ്പെടെ ആരെയും അദ്ദേഹം ബഹുമാനിക്കുന്നില്ലെന്നും ഹംദാർദിനെ പ്രതിനിധീകരിച്ച് ഹാജരായ മുതിർന്ന അഭിഭാഷകൻ സന്ദീപ് സേഥി പറഞ്ഞു. “ഒരു ദിവസത്തിനുള്ളിൽ, ഈ വീഡിയോ 8.9 ലക്ഷം വ്യൂസും 8,500 ലൈക്കുകളും 2,200 കമന്റുകളും നേടി, അത്തരമൊരു വർഗീയ വീഡിയോയുടെ വ്യാപ്തി അതാണ്, ഇത് നിയമത്തിൽ അനുവദനീയമായതിലും വളരെ അപ്പുറമാണ്,” അദ്ദേഹം പറഞ്ഞു.

രാംദേവിന്റെ രണ്ട് വീഡിയോകളും വർഗീയ പ്രസംഗമാണ്, മറ്റുള്ളവയ്ക്ക് പകരം തന്റെ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഉപഭോക്താക്കൾക്കിടയിൽ ഒരു വർഗീയ വിഭജനം സൃഷ്ടിക്കുകയാണെന്നും അഭിഭാഷകൻ വാദിച്ചു. “ഒരു നീതിബോധത്തിനും ഇത് അനുവദിക്കാനാവില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ പരാമർശം. ‘സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക. പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക’ എന്ന അടിക്കുറിപ്പോടെയായിരുന്നു പതഞ്ജലി പ്രോഡക്ട്സിന്റെ ഫേസ്ബുക്കില്‍ ബാബ രാംദേവിന്റെ വീഡിയോ പങ്കുവെച്ചത്. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ് എന്നും ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here