റിയാദ്: സഊദി പ്രോ ലീഗിൽ മെയ് 21നാണ് അൽ നസർ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. മത്സരത്തിൽ അൽ ഖലീജിനെയാണ് അൽ നസർ നേരിടുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച പ്രകടനങ്ങളാണ് അൽ നസറിന് കരുത്തേകുന്നത്. വരും മത്സരങ്ങളിൽ റൊണാൾഡോ തന്റെ ഗോൾ തുടരുകയാണെങ്കിൽ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനും റൊണാൾഡോയ്ക്ക് സാധിക്കും.
അൽ നസറിന് വേണ്ടി 100 ഗോൾ സ്വന്തമാക്കാനുള്ള അവസരമാണ് റൊണാൾഡോയുടെ മുന്നിലുള്ളത്. ഇതിനു വേണ്ടത് വെറും മൂന്ന് ഗോളുകൾ മാത്രമാണ്. അൽ നസറിനു വേണ്ടി 97 ഗോളുകൾ ആണ് റൊണാൾഡോ അടിച്ചുകൂട്ടിയിട്ടുള്ളത്.
ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ അഞ്ചു ടീമുകൾക്ക് വേണ്ടി 100 ഗോൾ നേടുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ്(145), റയൽ മാഡ്രിഡ്(450), യുവന്റസ്(101), പോർച്ചുഗൽ(135) എന്നിങ്ങനെയാണ് റൊണാൾഡോ നാല് ടീമുകൾക്ക് വേണ്ടി അടിച്ചുകൂട്ടിയ ഗോളുകളുടെ കണക്കുകൾ. ലീഗിലെ ഓരോ മത്സരങ്ങളിലും ഗോളുകൾ നേടി മിന്നും ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. ഈ ഫോം തുടർന്നാൽ റൊണാൾഡോക്ക് ഈ തകർപ്പൻ റെക്കോർഡ് കൈവരിക്കാം.
അതേസമയം സഊദി പ്രൊ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ അൽ അഖ്തൂദ് എഫ്സിക്കെതിരെ വമ്പൻ ജയമായിരുന്നു അൽ നസർ സ്വന്തമാക്കിയത്. മത്സരത്തിൽ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കായിരുന്നു സഊദി വമ്പന്മാരുടെ വിജയം. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. കഴിഞ്ഞ സീസണിൽ അബഹ എഫ്സിക്കെതിരെ നേടിയ 8-0ത്തിന്റെ വിജയമായിരുന്നു ഇതിനുമുമ്പ് അൽ നസറിന്റെ ഏറ്റവും വലിയ വിജയമായി രേഖപ്പെടുത്തിയിരുന്നത്.
വിജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും അൽ നസറിന് സാധിച്ചു. 31 മത്സരങ്ങളിൽ നിന്നും 19 വിജയവും ആറു വീതം തോൽവിയും സമനിലയുമായി 63 പോയിന്റാണ് അൽ നസറിന്റെ കൈവശമുള്ളത്. 77 പോയിന്റുമായി അൽ ഇത്തിഹാദ് ഈ സീസണിലെ ചാമ്പ്യന്മാരായി മാറിയിരുന്നു. 68 പോയിന്റോടെ അൽ ഹിലാൽ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്.