കോസ്റ്റാറിക്ക: പൂച്ചയെ ഉപയോഗിച്ച് കഞ്ചാവ് കടത്തി. മദ്ധ്യ അമേരിക്കയിലെ കോസ്റ്റാറിക്ക ജയിലിലാണ് സംഭവം. ടേപ്പ് കൊണ്ട് പൂച്ചയുടെ ശരീരത്തിൽ ഒട്ടിച്ച നിലയിലായിരുന്നു കടത്തിയത്. മേയ് ആറിന് പൊക്കോസി ജയിലിന് പുറത്തെ മുള്ളുവേലിക്ക് സമീപം പൂച്ച നടന്നു നീങ്ങുമ്പോഴായിരുന്നു ഗാർഡിനു സംശയം തോന്നി പൂച്ചയെ പിടികൂടിയത്. ഏകദേശം 236 ഗ്രാം കഞ്ചാവും 68 ഗ്രാം ഹെറോയിനും, റോളിംഗ് പേപ്പറുകളുമാണ് ഗാർഡുമാർ പൂച്ചയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയത്. രണ്ട് പായ്ക്കറ്റുകളാണ് പൂച്ചയുടെ ശരീരത്തിൽ ഒട്ടിച്ചിരുന്നത്.
വാച്ച് ടവറിൽ നിന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ആദ്യം പൂച്ചയെ കാണുന്നത്. ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് പൂച്ചയെ പിടികൂടി പായ്ക്കറ്റുകൾ നീക്കം ചെയ്യുകയും ഉദ്ദേശിച്ച ലക്ഷ്യസ്ഥാനം എത്തുന്നത് തടയാൻ കഴിഞ്ഞതും. പായ്ക്കറ്റുകൾ പരിശോധിച്ചപ്പോൾ, ഒന്നിൽ 235.65 ഗ്രാം കഞ്ചാവും മറ്റേതിൽ 67.76 ഗ്രാം ഹെറോയിനും രണ്ട് റോളിംഗ് പേപ്പറുമാണ് കണ്ടെത്തിയത്.ഇത്തരത്തിൽ കുറ്റകൃത്യം ചെയ്‌തത് ആരാണെന്നും പുറത്ത് നിന്നുള്ള മറ്റു സംഘങ്ങൾക്ക് പങ്കുണ്ടോ എന്നതും മറ്റു തടവുകാരുടെ സൗകര്യത്തിനാണൊ പൂച്ചയെ വിട്ടയച്ചത് തുടങ്ങിയ കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. തുടർനടപടികൾ ഫലപ്രദമാകാൻ സിസിടിവിയും മറ്റു തെളിവുകളും പൊലീസ് ശേഖരിക്കുകയാണ്.മിക്ക കുറ്റവാളികളും ഇത്തരത്തിൽ നിയമവിരുദ്ധമായി ജയിലുകളിലേക്ക് ലഹരി വസ്തുക്കൾ കടത്തുന്നത് എങ്ങനെയെന്ന് കാണിക്കുകയാണ് ഈ സംഭവം. ഇതിനായി പൂച്ചയെ തെരെഞ്ഞെടുത്താൽ ആരാലും ശ്രദ്ധിക്കപ്പെടാതെ നീങ്ങാനുള്ള കഴിവ് അവയ്ക്കുണ്ട്. ഭക്ഷണത്തിലൂടെയോ ഒരാളുടെ പെരുമാറ്റത്തിലൂടെയോ ജയിൽ പരിസരത്ത് ആകൃഷ്ടരാകുന്ന പൂച്ചകളിലാണ് തടവുകാർ ഇത് പരീക്ഷിക്കുന്നത്. സമീപ കാലത്ത് കോസ്റ്റാറിക്കയിൽ കുറ്റകൃത്യങ്ങളിലും മയക്കുമരുന്ന് കടത്തിലും വൻ വർധനവുണ്ടായിട്ടുണ്ട്. 2023 ൽ മാത്രം രാജ്യത്ത് ആകെ 21.3 ടൺ കൊക്കെയ്ൻ അധികൃതർ പിടിച്ചെടുത്തിരുന്നു.