അബുദാബി: മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി അബുദാബിയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ മിക്ക നിയമനങ്ങളിലും ഇപ്പോൾ സ്വദേശികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇവിടെ മലയാളികൾ അടക്കമുള്ള നിരവധി പേരാണ് ജോലി ചെയ്യുന്നത്. ഭാവിയിൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇവർ. കഴിഞ്ഞ വർഷം 475 സ്വദേശികളെയാണ് വിമാനത്താവളത്തിലെ വിവിധ തസ്തികകളിൽ നിയമിച്ചത്. ഇതോടെ 44.3 ശതമാനം ജീവനക്കാരും സ്വദേശികളാണ്.
സ്വദേശികളിൽ 225 പേരും വിമാനത്താവളത്തിലെ പ്രധാന തസ്തികകളിലാണ് ജോലി ചെയ്യുന്നത്. ഫീൽഡ് ജോലി, ഓപ്പറേഷൻ, ലഗേജ് എന്നീ വിഭാഗത്തിലും ഇപ്പോൾ സ്വദേശികൾ ഏറെയാണ്. പരിശീലനം പൂർത്തിയാക്കുന്ന സ്വദേശികളെ ഈ വർഷം മുതൽ സാങ്കേതിക വകുപ്പിലും നിയമിക്കും.ബിരുദം കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് 12 മാസത്തെ പരിശീലനത്തിന് ശേഷം വിമാനത്താവളത്തിൽ നിയമനം നൽകും.
ഉദ്യോഗാർത്ഥികൾക്ക് ഏവിയേഷൻ രംഗത്ത് തൊഴിൽ പരിചയം ലഭിക്കാൻ വിമാനത്താവള വകുപ്പ് വിവിധ സർവ്വകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വിമാനത്താവളത്തിലെ പ്രധാനപ്പെട്ട നേതൃ തസ്തികകളിൽ എല്ലാം സ്വദേശികളെ നിയമിക്കുമെന്ന് മാനവവിഭവശേഷി വിഭാഗം അറിയിച്ചു. സ്വദേശികളെ ജോലിക്ക് എടുക്കാൻ വിമാനത്താവള അധികൃതർ എടുക്കുന്ന ശ്രമങ്ങൾ ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടാക്കുന്നത് പ്രവാസികൾക്കാണ്. വിമാനക്കമ്പനികളുടെ ചെക്ക് ഇൻ കൗണ്ടറുകളിലും ഗ്രൗണ്ട് ഹാൻഡിലിംഗ് രംഗത്തും ഒട്ടേറെ മലയാളികളാണ് ജോലി ചെയ്യുന്നത്.