മാതാപിതാക്കളുടെ ഫോണെടുത്ത് കളിക്കുന്നവരാകും മിക്ക കുട്ടികളും. കുട്ടികള്‍ ഫോണ്‍ എടുക്കുമ്പോഴേ അവരെന്ത് അബദ്ധമാണ് ചെയ്യാന്‍ പോകുന്നതെന്ന അങ്കലാപ്പിലാകും അച്ഛനമ്മമാര്‍. ഗെയിം കളിക്കുന്നത് മുതല്‍ അമ്മേ ഞാന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തി കാര്‍ട്ടില്‍ ഇട്ടുവയ്ക്കട്ടെ എന്ന് ചോദിക്കുന്ന വിരുതന്മാര്‍ വരെയുണ്ട് . അത്തരത്തില്‍ അമ്മയുടെ ഫോണില്‍ നിന്ന് മകന്‍ ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയ ഒരു സംഭവമാണ് ഇത്.
അമേരിക്കയിലെ കെന്റകിയിലാണ് സംഭവം നടക്കുന്നത്. ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ FASD (ഗര്‍ഭകാലത്ത് അമ്മ മദ്യം ഉപയോഗിക്കുന്നതുകൊണ്ട് കുട്ടിക്കുണ്ടാകുന്ന വൈകല്യം) ബാധിച്ച കുട്ടിയാണ് എട്ട് വയസുകാരനായ ലിയാം. സാധാരണയായി മറ്റ് കുട്ടികളെപ്പോലെതന്നെ മാതാപിതാക്കളുടെ ഫോണില്‍ കളിക്കുന്ന കുട്ടിതന്നെയായിരുന്നു അവനും. ഒരു ദിവസം ലിയാമിന്റെ അമ്മയായ ഹോളി ലാഫേവേഴ്‌സിന്റെ ഫോണ്‍ ഉപയോഗിച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ലിയാം ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് 70,000 ലോലിപോപ്പുകളാണ്. 4,200 ഡോളര്‍ അതായത് 3.55 ലക്ഷം രൂപ മതിക്കുന്ന ഒരു ഓര്‍ഡര്‍ ആയിരുന്നു അത്.
മകന്റെ കയ്യില്‍നിന്ന് ഇങ്ങനെയൊരു അബദ്ധം സംഭവിച്ചെന്ന് മനസിലാക്കിയ ഹോളി ലാഫേവേഴ്‌സ് ആമസോണുമായി ബന്ധപ്പെട്ടപ്പോള്‍ ഓര്‍ഡര്‍ നിരസിക്കാന്‍ ആമസോണ്‍ ആവശ്യപ്പെടുകയും പണം തിരികെ നല്‍കാമെന്ന് പറയുകയും ചെയ്തു. പക്ഷേ ആമസോണ്‍ പണംതിരികെ നല്‍കുകയോ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്തില്ല.
കുറച്ച് ദിവസങ്ങള്‍ക്കകം 22 പെട്ടികളിലായി നിറച്ച ലോലിപോപ്പുകള്‍ തന്റെ വീട്ടുപടിക്കല്‍ എത്തുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ ലാഫവേഴ്‌സ് തന്റെ ഫേസ്ബുക്കിലൂടെ പണം നഷ്ടമായതിനെക്കുറിച്ചും മകന് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചതിനെക്കുറിച്ചും ഒരു കുറിപ്പ് പങ്കുവച്ചു. പോസ്റ്റ് പെട്ടെന്നുതന്നെ ജനശ്രദ്ധ നേടുകയും സുഹൃത്തുക്കളും അയല്‍ക്കാരും, പ്രാദേശിക ബിസിനസുകാരും, ബാങ്കുകളും പോലും ലോലിപോപ്പുകള്‍ വാങ്ങി സഹായിക്കാമെന്ന് വാഗ്ധാനം ചെയ്യുകയും ചെയ്തു.
ഈ കുറിപ്പ് വലിയ പ്രതികരണങ്ങള്‍ ഉണ്ടാക്കി. മാധ്യമങ്ങളിലും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വാര്‍ത്ത ഓണ്‍ലൈനിലും ശ്രദ്ധനേടിയതോടുകൂടി ആമസോണ്‍ ലാഫവേഴ്‌സിന് മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തയ്യാറായി. ലിയാം ഉം അമ്മയും ചേര്‍ന്ന് ലോലിപോപ്പുകളെല്ലാം പാഴായി പോകാതെ പള്ളികളും സ്‌കൂളുകളും ഉള്‍പ്പടെ പല ഗ്രൂപ്പുകള്‍ക്കും മിഠായികള്‍ സംഭാവന ചെയ്തു. മകന്റെ കൈയില്‍നിന്ന് സംഭവിച്ച ഒരു അബദ്ധത്തെ സമൂഹത്തിന്റെ പിന്തുണയോടുകൂടി ഹൃദയ സ്പര്‍ശിയായ നിമിഷമാക്കി മാറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലാഫവേഴ്‌സ് പറയുന്നു.