മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ പുനരാരംഭിക്കുന്നത്. ആറ് വേദികളിലായാണ് ഇനിയുള്ള 17 മത്സരങ്ങൾ നടക്കുക.
ബെംഗളൂരു, ഡൽഹി, ജയ്പൂർ, ലഖ്‌നൗ, മുംബൈ, അഹമ്മദാബാദ് എന്നിവയാണ് തിരഞ്ഞെടുത്ത ആറ് വേദികൾ. മെയ് 29, 30, ജൂൺ 1 തീയതികളിലാണ് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുക. ജൂൺ മൂന്നിനാണ് ഫൈനൽ മത്സരം. എന്നാൽ പ്ലേ ഓഫ് മത്സരങ്ങളുടെയും ഫൈനൽ മത്സരത്തിന്‍റെയും വേദികൾ പിന്നീട് തീരുമാനിക്കും.
സുരക്ഷാ കാരണങ്ങളാൽ നിർത്തിവച്ച മത്സരം സർക്കാർ, സുരക്ഷാ ഏജൻസികൾ എന്നിവരുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് പുനരാരംഭിക്കാൻ തീരുമാനിച്ചതെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യ പാക് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വ്യാഴാഴ്ച ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌പിസിഎ) സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുണ്ടായിരുന്ന മത്സരം ആദ്യ ഇന്നിംഗ്‌സിന്‍റെ മധ്യത്തിൽ നിർത്തിവക്കേണ്ടി വന്നിരുന്നു. ജമ്മുവിലും പത്താന്‍കോട്ടിലും അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും കാണികളോട് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുകയുമായിരുന്നു.