ദുബായ് : അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണ് അറുപതുകാരനായ മലയാളി പോൾ ജോസ് മാവേലിയെ ദുബായിൽ തേടിയെത്തിയത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ പോൾ ജോസ് മാവേലിക്കാണ് ബമ്പർ സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിലെ സീരീസ് 503ൽ ബമ്പർ സമ്മാനമായ 10 ലക്ഷം ഡോളറാണ് (എട്ടരകോടിയിലേറെ രൂപ) ഇദ്ദേഹം സ്വന്തമാക്കിയത്. മേയ് 19ന് ഓൺലൈനായി വാങ്ങിയ 3532 എന്ന ടിക്കറ്റ് നമ്പരാണ് പോളിന് സമ്മാനം നേടിക്കൊടുത്തത്. സമ്മാനം സംബന്ധിച്ച അപൂർവ്വതയെന്തെന്നാൽ പോളിന് 2016ലും ബമ്പർ ലഭിച്ചിരുന്നുവെന്നതാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷൻ ചരിത്രത്തിൽ രണ്ടുതവണ വിജയിക്കുന്ന 11-ാമത്തെ ഭാഗ്യശാലിയാണ് പോൾ. 2016ൽ 9 സുഹൃത്തുക്കൾക്കൊപ്പമായിരുന്നു അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഇത്തവണ 17 സുഹൃത്തുക്കൾക്കൊപ്പം വാങ്ങിയ ടിക്കറ്രിനാണ് സമ്മാനം ലഭിച്ചത്.
38 വർഷമായി ദുബായിൽ താമസിച്ചു വരികയാണ് പോൾ. 1999ലെ തുടക്കകാലം മുതൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുത്തു വരുന്നു. രണ്ട് കുട്ടികളുടെ പിതാവായ പോൾ ഒരു കരാർ കമ്പനിയിലെ സൈറ്റ് സൂപ്പർവൈസറായി ജോലി ചെയ്തു വരികയാണ്.
പാകിസ്ഥാൻ സ്വദേശിയായ കിരൻ ബത്തൂലിനും ദുബായ് ഡ്യൂട്ടി ഫ്രീ സീരീസ് 502 നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സർപ്രൈസ് ഡ്രോയിൽ ജർമ്മൻ സ്വദേശിയായ മാർട്ടിൽ റെട്ടിച്ച് ബിഎംഡബ്ല്യൂ 740 ഐ സ്‌പോർട്ട് സ്വന്തമാക്കി. ഇറാൻ സ്വദേശിയായ ഫത്തോല മുസ്തഫ മൊക്താറിന് ബിഎംഡബ്ല്യൂ എഫ് 900 എക്സ്ആർ ആഢംബര ബൈക്കും ലഭിച്ചു.