മഞ്ചേശ്വരം ∙ ലഹരിക്കടത്ത് കേസുകളിലെ പ്രതികൾക്കെതിരെ ചുമത്തുന്ന പിറ്റ് (പിഐടി എൻഡിപിഎസ്) നിയമപ്രകാരം ജില്ലയിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ഇയാളെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. ഉപ്പള പത്വാടി മുളിഞ്ച അൽഫലാഹ് മൻസിൽ അസ്കർ അലിയെയാണ് (27) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 20ന് പ്രതിയുടെ മുളിഞ്ചയിലെ വീട്ടിൽനിന്ന് 3.407 കിലോഗ്രാം എംഡിഎംഎയും 643.65 ഗ്രാം കഞ്ചാവും 96.56 ഗ്രാം കൊക്കെയ്ൻ, 30 ലഹരിഗുളികൾ എന്നിവയും പൊലീസ് പിടികൂടിയിരുന്നു. ഓഗസ്റ്റ് 30ന് മേൽപറമ്പ് പൊലീസ് കൈനോത്ത് നിന്ന് 49.33 ഗ്രാം എംഡിഎംഎയുമായി കർണാടക മുഡിഗെ സ്വദേശിയായ കൊപ്പൽ ബൈത്തുസ്സലാം വീട്ടിൽ അബ്ദുൽറഹ്മാനെ പിടികൂടിയ സംഭവത്തിൽ ലഹരിമരുന്ന് എത്തിച്ചു നൽകിയത് അസ്കർ അലിയാണെന്നു മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മേൽപറമ്പ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലും അസ്കർ അലിയെ പ്രതി ചേർത്തിരുന്നു. കേരളവും കർണാടകയും കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടത്തുന്ന കേസിലെ മുഖ്യപ്രതിയാണെന്നും ഒട്ടേറെ തവണ കർണാടകയിൽനിന്ന് ലഹരി കടത്തിയിരുന്നതായും പ്രതി പൊലീസിനു മൊഴി നൽകിയിരുന്നു. ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ്ഭരത് റെഡ്ഡിയുടെ നിർദേശത്തെ തുടർന്നു കാസർകോട് ഡിവൈഎസ്പി സി.കെ.സുനിൽകുമാർ, മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ.അനൂപ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്ഐ കെ.രതീഷ് ഗോപി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷുക്കൂർ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.വിജയൻ, കെ.വന്ദന, സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇതേ നിയമം ചുമത്തി കഴിഞ്ഞ 29ന് മഞ്ചേശ്വരം ബഡാജെ പച്ചട്ടമ്പള്ളയിലെ സൂരജ്റൈയെ (24) അറസറ്റ് ചെയ്ത് ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കിയിരുന്നു. ഇരുവരും തിരുവനന്തപുരം സെൻട്രൽ ജയിലിലാണുള്ളത്. ജില്ലാ പൊലീസ് മേധാവി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ബോർഡ് പരിശോധിച്ചാണ് ലഹരിക്കടത്തുക്കാർക്കെതിരെ ഈ കുറ്റം ചുമത്തുന്നത്.