ഉപ്പള: മതവിദ്വേഷം വളർത്തുന്ന പ്രസംഗങ്ങളുടെ പേരിൽ കർണാടകയിൽ നിരവധി കേസുകൾ നിലവിലുള്ള കർണ്ണാടകയിലെ തീവ്ര വർഗ്ഗീയ നേതാവ് പ്രഭാകര ഭട്ട് വോർക്കാടിയിൽ നടന്ന ഒരു പരിപാടിക്കിടെ വാളും കത്തിയും ഉയർത്തിക്കാട്ടാനും ഓരോ ഹിന്ദുവും വീട്ടിൽ വാൾ കരുതണമെന്നുമൊക്കെയുള്ള തീവ്രവാദ പ്രസംഗം നടത്തിയതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു എ.കെ.എം അഷ്‌റഫ് എം.എൽ.എ മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും കത്ത് നൽകി.
കാസറഗോട്ടും പ്രത്യേകിച്ച് മഞ്ചേശ്വരത്തെയും സമാധാന അന്തരീക്ഷം തകർത്ത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം അങ്ങേയറ്റം വർഗ്ഗീയ പരമായ പ്രസംഗം നടത്തിയത് എന്ന് എം.എൽ.എ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിന് പിന്നിലുള്ള ഗൂഢാലോചനയിലും അന്വേഷണം വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.
മംഗളൂരുവിലെ അറിയപ്പെടുന്ന സംഘപരിവാർ നേതാവായ കല്ലഡ്‌ക പ്രഭാകർ ഭട്ടാണ് വോർക്കാടി ശ്രീമാതാ സേവാശ്രമത്തിൽ നടന്ന പരിപാടിയിൽ വിദ്വേഷം നിറഞ്ഞ പ്രസംഗം നടത്തിയത്. മതസ്പർദ്ധ വളർത്തുന്നതുമായിരുന്നു ഇയാളുടെ വാക്കുകൾ. യാതൊരുവിധ പ്രകോപനുവുമില്ലാത്തിടത്ത് ഹൈന്ദവവിശ്വാസികൾ വാൾ ഉയർത്തിക്കാണിക്കണം. ഓരോരുത്തരും വീട്ടിൽ വാൾ കരുതണം. വീട്ടിൽ നിന്നിറങ്ങുമ്പോൾ വാൾ ഒപ്പം കൊണ്ടുപോകണം. മക്കളുടെ വാനിറ്റി ബാഗിൽ കത്തിയും കരുതണം. കത്തി കൈവശം വെക്കാൻ ലൈസൻസ് ആവശ്യമില്ല. തുടങ്ങിയ അക്രമണ പ്രോത്സാഹനങ്ങൾ നടത്തിയ വ്യക്തിക്കെതിരെ ജാമ്യമില്ല വകുപ്പ് ചേർത്ത് കേസെടുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
ആർഎസ്എസുകാർ കാസറഗോട്ടെ പള്ളിയിൽ കയറി ഒരു മൗലവിയെ കൊലപ്പെടുത്തിയിട്ടും പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ കൊലപ്പെടുത്തിയും വർഗ്ഗീയ ലഹളക്ക് ശ്രമിച്ചപ്പോഴും ആ കെണിയിൽ വീഴാതെ തിരിച്ചടികൾ ഉണ്ടാകാത്ത നിലയിൽ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന കാസർകോട്ട് വീണ്ടും വീണ്ടും ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രഭാകര ഭട്ടിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എ.കെ.എം അഷ്‌റഫ് എം.എൽ.എ പറഞ്ഞു.