മഞ്ചേശ്വരം. കാസർകോടിൻ്റെ സമാധാനന്തരീക്ഷത്തിന് കരിനിഴൽ വീഴ്ത്തുന തരത്തിൽ തീവ്രഹിന്ദുത്വ വാദിയും ആർ.എസ്.എസ് നേതാവുമായ കല്ലട്ക്ക പ്രഭാകര ഭട്ട് വോർക്കാടിയിലെ ശ്രീമാതാ സേവ ആശ്രമത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അദ്ദേഹത്തിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.
യാതൊരു പ്രകോപനവും കൂടാതെയാണ് പ്രഭാകര ഭട്ട് മത സ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയത്. കലാപ ആഹ്വാനം നടത്തുക വഴി, മത സൗഹാർദവും ഐക്യവും തകർത്ത് നാട്ടിലും സമൂഹത്തിൽ ഛിദ്രത വളർത്തുകയാണ് ലക്ഷ്യം. വർഗീയതയുടെ പരിപ്പ് ഒരിക്കലും വേവാത്ത മഞ്ചേശ്വരത്തെ മതേതര മനസിൽ വർഗീയതയുടെ പുതിയ വേർഷൻ പുറത്തിറക്കാനാണ് ആർ.എസ്.എസ് നീക്കം. മുസ്ലിം ലീഗ് ഉള്ള കാലത്തോളം മഞ്ചേശ്വരത്തിൻ്റെ സമാധനാന്തരീക്ഷം തകർക്കാൻ ഒരു വർഗീയ ശക്തികൾക്കും കഴിയില്ല.
ഇത്തരം വർഗീയ വിഷം തുപ്പുന്ന ആളുകളെ പൊലിസ് എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് ബി.എം മുസ്തഫ, ജന.സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള, റിയാസ് ഉദ്യാവർ എന്നിവർ ആവശ്യപ്പെട്ടു.