തിരുവനന്തപുരം: ഓരോ ദിവസവും സ്വർണ്ണ കടത്തിന് പുതുവഴികളുമായി കടത്തുകാർ. കസ്റ്റംസിൻ്റെ കണ്ണ് വെട്ടിക്കാൻ സ്വർണ്ണ ലായനിയിൽ മുക്കിയെടുത്ത ഉടുമുണ്ടുകൾ പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സ്വര്‍ണം ചേര്‍ത്ത ലായനിയില്‍ മുക്കിയെടുത്ത ലുങ്കികളുമായെത്തിയ വിമാനയാത്രക്കാരനെ കസ്റ്റംസ് പിടികൂടിയത്.മണക്കാട് കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്‌സറിനെയാണ് (28) കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.ശനിയാഴ്ച പുലര്‍ച്ചെ 2.45-ന് ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്‌സ് വിമാനത്തിലാണ് മുഹമ്മദ് അഫ്‌സറെത്തിയത്. സ്വര്‍ണം മുക്കിയ 10 ലുങ്കികളാണ് ഇയാളുടെ ബാഗിലുണ്ടായിരുന്നത്. ഏകദേശം 60 ലക്ഷം രൂപയുടെ സ്വര്‍ണമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലുങ്കികളിലെ സ്വര്‍ണം വേര്‍തിരിച്ചെടുത്താല്‍ മാത്രമേ കൃത്യമായി എത്ര സ്വര്‍ണമുണ്ടെന്നു കണ്ടെത്താനാകൂ. ഇവ കസ്റ്റംസിന്റെ കൊച്ചിയിലുള്ള ലാബില്‍ പരിശോധനയ്‌ക്കയക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.