ഉപ്പള: ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നും മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവുമായ ഉപ്പളയിലെ റെയിൽവേ സ്റ്റേഷനിൽ ചപ്പുചവറും മാലിന്യവും കാരണം യാത്രക്കാർ പൊറുതിമുട്ടുന്നു. സ്റ്റേഷനിൽ പതിനഞ്ച് ദിവസത്തിലധികമായി ശുചീകരണം നടക്കുന്നില്ല. ശുചീകരണം നടത്തിയിരുന്ന സ്വീപറോട് പണമില്ലാത്തത് കാരണം ശുചീകരണം നിർത്തി വെക്കാൻ അധികൃതർ പറഞ്ഞതായാണ് വിവരം. ശുചീകരണം നടക്കാത്തതിനാൽ സ്റ്റേഷനിൽ ദുർഗന്ധവും ഉറുമ്പ് ശല്യവും കൊണ്ട് ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. കൂടാതെ നിലവിൽ ഉപ്പളയിൽ ഒരു കൊമേഴ്‌ഷ്യൽ ക്ലർക്ക് മാത്രമാണ് ജോലി ചെയ്യുന്നത്. ഇത് കാരണം രാവിലെ പത്തു മണി മുതൽ വൈകിട്ട് നാല് വരെ ആളില്ലാത്ത അവസ്ഥയാണ്. ഇതു കാരണം സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഇവിടെയുണ്ട്. ഇതു പരിഹരിക്കാനായി രണ്ടു കൊമേഴ്‌ഷ്യൽ ക്ലാർക്കുമാരെ നിയമിക്കണമെന്നും തത്കാൽ അടക്കമുള്ള റിസർവേഷൻ സൗകര്യം പുനരാരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ ജില്ലയിലെ റെയിൽവെ സ്റ്റേഷനുകൾ സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഇന്നലെ ഉപ്പള റെയിൽവെ സ്റ്റേഷനും സന്ദർശിച്ചു. സന്ദർശന വേളയിൽ സ്റ്റേഷൻ അടഞ്ഞു കിടക്കുകയായിരുന്നു. സ്റ്റേഷനിലെ ശുചിത്വമില്ലായ്മ റെയിൽവേയുടെ കെടുകാര്യസ്ഥതയും സേവനമനോഭാവമില്ലായ്മവും നേരിട്ടു മനസ്സിലാക്കാൻ എം.പിക്കും നാട്ടുകാർക്കും സാധിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം.പിക്ക് നിവേദനങ്ങൾ സമർപ്പിച്ചു.
ഉപ്പളയിലെ പ്രധാന ആവശ്യങ്ങളായ നേത്രാവതി, മാവേലി, ബംഗളുരു-കണ്ണൂർ തുടങ്ങിയ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ്, റിസർവേഷൻ സൗകര്യം, ഉപ്പള ടൗണും മണിമുണ്ടയെയും ബന്ധിപ്പിക്കുന്ന മേൽപ്പാലം, ഉപ്പളയിലെ പാസ്പോർട്ട് സേവാകേന്ദ്രം തുങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
ഉപ്പളയിലെ പൗരപ്രമുഖരും സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ ഭാരവാഹികളും സന്ദർശന വേളയിൽ സ്റ്റേഷനിൽ സന്നിഹിതരായിരുന്നു. മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റുബീന നൗഫൽ, മഞ്ജുനാഥ ആൾവ, അസീസ് മരിക്കെ, എം. ബി യൂസുഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹനീഫ് പി. ബി, പഞ്ചായത്ത് മെമ്പർമാരായ ടി. എ ഷരീഫ്, ഉമ്പായി പെരിങ്കടി, ബാബു, ഷാഹുൽ ഹമീദ് ബന്തിയോട്, അഷ്‌റഫ് സിറ്റിസൺ, സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ ഭാരവാഹികളയ അസീം മണിമുണ്ട, എം. കെ. അലി മാസ്റ്റർ, നാഫി ബപ്പായിതൊട്ടി, പി. എം സലീം, മാതേരി അബ്ദുല്ല, കുട്ടികൃഷ്ണൻ, ഷാഫി പത്വാടി, കൃഷ്ണൻ, അബ്ദുൽ റഷീദ്, അശോകൻ, ഷബ്ബിർ മണിമുണ്ട തുടങ്ങിയവർ സംബന്ധിച്ചു.