പ്രണയം പൂവണിഞ്ഞില്ല; കാമുകനെത്തേടി ഇന്ത്യയിലെത്തിയ ഇഖ്റയെ പാകിസ്ഥാനിലേക്ക് മടക്കിയയച്ചു

0
477

അമൃത്സർ: ലുഡോ ​ഗെയിം കളിച്ച് ഇന്ത്യൻ യുവാവുമായി പ്രണയത്തിലായി കാമുകനെ വിവാഹം കഴിക്കുന്നതിനായി ഇന്ത്യയിലെത്തിയ 19 കാരിയായ പാകിസ്ഥാൻ പെൺകുട്ടിയെ ഇഖ്റയെ തിരിച്ചയച്ചു. ഞായറാഴ്ച അട്ടാരി ലാൻഡ് ബോർഡർ വഴിയാണ് പൊലീസ് പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. സെപ്റ്റംബറിലാണ് ഇഖ്റ ഇന്ത്യയിലെത്തിയത്. മൊബൈൽ ​ഗെയിമായ ലുഡോ കളിച്ചാണ് ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 26കാരനുമായി പ്രണയത്തിലായത്. പിരിയാൻ വയ്യാതായതോടെ പെൺകുട്ടി ഇന്ത്യയിലേക്ക് വരാമെന്നേറ്റു.

വിസ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതോടെ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ യുവാവ് നിർദേശിച്ചു. തുടർന്ന് സെപ്റ്റംബർ 19ന് പെൺകുട്ടി ഇഖ്റ കാഠ്മണ്ഡുവിലെത്തി. കാഠ്മണ്ഡുവിൽ വെച്ച് ഇരുവരും വിവാഹിതരായി ഒരാഴ്ചയോളം അവിടെ താമസിച്ചു. പിന്നീട് ബിഹാറിലെ സനോലി അതിർത്തി വഴി ഇന്ത്യയിലേ പ്രവേശിച്ചു. ഇവിടെ നിന്ന് ഇരുവരും ബെം​ഗളൂരുവിൽ എത്തി സ്ഥിരതാമസമാക്കി. ഹിന്ദു പേര് സ്വീകരിച്ചാണ് പെൺകുട്ടി യുവാവിനൊപ്പം കഴിഞ്ഞത്. വ്യാജ തിരിച്ചറിയൽ കാർഡും ഉണ്ടാക്കി. എന്നാൽ, പാകിസ്ഥാനിലെ ബന്ധുക്കളുമായി പെൺകുട്ടി ഫോണിൽ ബന്ധപ്പെട്ട് തുടങ്ങിയതോടെ പൊലീസിന്റെ നീരീക്ഷണത്തിലായി. അതോടൊപ്പം പെൺകുട്ടി നമസ്കരിക്കുന്നത് കണ്ടതോടെ അയൽക്കാരും പൊലീസിനെ വിവരമറിയിച്ചു.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് ഒളിച്ചോടിയതാണെന്ന് മനസ്സിലായത്. തുടർന്ന് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് നാട്ടിലേക്ക് പോകേണ്ടെന്നും കാമുകന്റെ കൂടെ ഇന്ത്യയിൽ താമസിച്ചാൽ മതിയെന്നും പെൺകുട്ടി പറ‍ഞ്ഞിരുന്നു. എന്നാൽ, നിയമപരമല്ലാത്തതിനാൽ പെൺകുട്ടിയെ തിരിച്ചയക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here