പന്നിയുടെ ജനിതകമാറ്റം വരുത്തിയ ഹൃദയം (pig heart) മസ്തിഷ്‌ക മരണം സംഭവിച്ച മനുഷ്യനിലേക്ക് വിജയകരമായി മാറ്റിവച്ചു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ (NYU) ശസ്ത്രക്രിയ വിദഗ്ധരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ജീവിച്ചിരിക്കുന്ന രോഗികളിൽ സ്ഥിരമായി ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണ് പരീക്ഷണമെന്ന് ഗവേഷകർ പറഞ്ഞു.
ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ (NYU) ലാങ്കോണിലെ ടിഷ് ഹോസ്പിറ്റലിൽ ജൂൺ 16, ജൂലൈ 6 തിയതികളിൽ ‘സെനോട്രാൻസ്പ്ലാന്റുകൾ’ (xenotransplant) എന്നറിയപ്പെടുന്ന ശസ്ത്രക്രിയ നടത്തി. NYU ലാങ്കോൺ ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ ഡയറക്ടർ നാദർ മോസ്മി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.
ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയ മണിക്കൂറുകളോളം നീണ്ടുനിന്നു. മൂന്ന് ദിവസം ഹൃദയത്തിന്റെ പ്രവർത്തനം നിരീക്ഷിച്ചു. ആദ്യത്തെ ഹൃദയം 2022 ജൂൺ 19-നും രണ്ടാമത്തേത് 2022 ജൂലൈ 9-നും പൂർത്തിയായി. ഹൃദയം മാറ്റിവയ്ക്കപ്പെട്ടതിന് ശേഷമുള്ള സാധാരണ സ്റ്റാൻഡേർഡ് മരുന്നുകൾ ഉപയോഗിച്ചും അധിക യന്ത്രങ്ങളെ ആശ്രയിക്കാതെയും പ്രവർത്തിച്ചതായും ഗവേഷകർ പറഞ്ഞു.
പന്നിയിൽ നിന്ന് മനുഷ്യനിലേക്ക് അവയവം മാറ്റിവയ്ക്കുന്നതിനുള്ള മനുഷ്യ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അംഗീകാരം നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വ്യക്തമാക്കി.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ സാധാരണ സ്വീകരിക്കുന്ന നടപടി ക്രമങ്ങൾ തന്നെയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ വിശദീകരിച്ചു. പന്നികളിലെ ചില ജീനുകൾ നിർവീര്യമാക്കിയാണ് മനുഷ്യ ശരീരത്തിലേക്ക് തുന്നി പിടിപ്പിക്കുന്നത്.ആരോഗ്യരംഗത്ത് വലിയൊരു ചുവടുവയ്പ്പായിരിക്കും ഇതെന്നാണ് ശസ്ത്രിക്രി വിദഗ്ധർ പറയുന്നു. ഇതിന് മുമ്പ് പന്നിയുടെ വൃക്ക മനുഷ്യരിൽ വച്ചുപിടിപ്പിച്ചെങ്കിലും കുറച്ച് ദിവസങ്ങൾക്ക് ശേഷം രോഗി മരണപ്പെടുകയായിരുന്നു.
എന്താണ് xenotransplant?
ജനിതകമാറ്റം വരുത്തിയ പന്നികളുടെ ജീവനുള്ള കോശങ്ങൾ, അവയവങ്ങൾ എന്നിവ മനുഷ്യനിൽ മാറ്റി വയ്ക്കുന്ന പ്രക്രിയയെ സെനോട്രാൻസ്പ്ലാന്റേഷൻ (xenotransplantation) എന്നാണ് പറയുന്നത്. പന്നിയുടെ ഹൃദയത്തിന്റെ വാൽവുകൾ, വൃക്ക എന്നിവ നേരത്തെ തന്നെ മനുഷ്യനിൽ മാറ്റി വയ്ക്കാൻ ശ്രമം നടത്തിയിരുന്നു. 50 വർഷത്തിലേറെയായി മനുഷ്യരിൽ കേടായ വാൽവുകൾ മാറ്റിസ്ഥാപിക്കാൻ പന്നി ഹൃദയ വാൽവുകൾ ഉപയോഗിക്കുന്നു. പന്നിയുടെ ശരീരഘടനയും ശരീരശാസ്ത്രപരവുമായ പാരാമീറ്ററുകൾ മനുഷ്യരുടേതിന് സമാനമാണ്.