കൊച്ചി : ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തിന്‍റെ സ്വത്ത് സംബന്ധിച്ച വിവാദം യൂത്ത് കോൺഗ്രസ് വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ തന്‍റെ വീടും വസ്തുവും പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് എഴുതി നൽകിയെന്ന് സജി ചെറിയാൻ പറഞ്ഞിരുന്നു. എന്നാൽ സ്വത്തുക്കൾ നൽകാമെന്നതിന് എന്ത് തെളിവുണ്ടെന്നാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് ചോദിക്കുന്നത്.
സജി ചെറിയാന്‍റെ വീട് സംരക്ഷിക്കാൻ വേണ്ടിയാണ് കെ റെയിലിന്റെ ഭൂപടം മാറ്റിയതെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു സജി ചെറിയാൻ. വീടടക്കം 5 കോടി രൂപയുടെ ആസ്തി തനിക്കുണ്ടെന്നും മരണശേഷം കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 32 ലക്ഷം രൂപ എന്നാണ് പറഞ്ഞിരുന്നതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ വിജിലൻസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ, ലോകായുക്ത എന്നിവർക്ക് പരാതി നൽകിയിരുന്നു.
സ്വത്തുക്കൾ കരുണാ സൊസൈറ്റിക്ക് നൽകുമെന്ന് ഇപ്പോൾ പറഞ്ഞതല്ലാതെ ഇത് തെളിയിക്കുന്ന രേഖകളൊന്നും സജി ചെറിയാൻ പുറത്തുവിട്ടിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട് ബിനു ചുള്ളിയിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം- സജി ചെറിയാൻ സഖാവിന്‍റെ വിശാലമനസ്കതയെയും മാനവികതയെയും പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ടുകൾ എല്ലായിടത്തും ഉണ്ട്. കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ മരണ ശേഷം അദ്ദേഹത്തിന്‍റെ വീടും സ്വത്തുക്കളും മുൻ മന്ത്രി എഴുതി വച്ചു എന്നുള്ളതാണ്. പ്രിയപ്പെട്ട സഖാക്കളേ ഇങ്ങനെ കരുണ സൊസൈറ്റിക്കായി സജി ചെറിയാൻ വീടും സ്ഥലവും എഴുതി വച്ചു എന്നതിന് എന്താണ് തെളിവ്?