പാലക്കാട് ∙ വൈകി ശക്തമായ കാലവർഷം ഒരാഴ്ച പിന്നീടുമ്പോൾ സംസ്ഥാനത്തെ മഴക്കണക്കിൽ മുന്നിൽ കാസർകോട് ജില്ല. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ കനത്ത മഴ ലഭിക്കുന്നത്.
ശക്തമായ മഴ അഞ്ചുദിവസംകൂടി കൂടി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനമെങ്കിലും അതുണ്ടാക്കുന്ന അന്തരീക്ഷത്തിന്റെ സ്വാധീനത്തിൽ പിന്നീടും മഴപെയ്ത്ത് തുടരാനാണ് സാധ്യത. ഇതിനിടെ പുതിയ ന്യൂനമർദ്ദം രൂപംകൊള്ളാനുളള സാധ്യതയും കാലാവസ്ഥ വിദഗ്ധർ നിരീക്ഷിക്കുന്നു.
കർണാടകം മുതൽ തെക്കൻ ഗുജറാത്തുവരെ ന്യൂനമർദ്ദപ്പാത്തി ശക്തമായതിനാൽ മുംബൈ–ഗുജറാത്ത് മേഖലയിൽ അടുത്തദിവസം തീവ്രമഴയുണ്ടാകാനുളള സാധ്യതയുണ്ടെന്നാണ് നിഗമനം. വലിയതോതിലാണ് കാർമേഘപടലങ്ങൾ കൊങ്കൺ മേഖലയിൽ കേന്ദ്രീകരിക്കുന്നത്. കർണാടകയിൽ പലയിടത്തും വെളളപ്പൊക്കവും മണ്ണിടിച്ചിലും തുടരുകയാണ്.
കുടക് മേഖലയിൽ വിവിധ ഇടങ്ങളിലായി രണ്ടാഴ്ചക്കിടെ 40 ലധികം നേരിയ ഭൂചലനം ഉണ്ടായതായാണ് ദുരന്തനിവാരണ അതോറിറ്റി അധികൃതരുടെ കണക്ക്. ഈ ഭൂവിഭാഗത്തിന്റെ തുടർച്ചയായ മംഗളൂരിൽ പലയിടത്തുമുണ്ടായ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകം പരിശോധിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
കേരളത്തിൽ കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോടിന്റെ ചില ഭാഗങ്ങളിലും ശക്തമായ മഴയുണ്ട്. ബംഗാൾ സമുദ്രത്തിൽ ന്യൂനമർദ്ദമുണ്ടെങ്കിലും നിലവിൽ അത്ര ശക്തമല്ല. അറബിക്കടലിലെ ന്യൂനമർദ്ദപാത്തി കൂടുതൽ സജീവമായതാണ് വടക്കൻ ജില്ലകളിൽ കനത്തമഴ ലഭിക്കുന്നതിനു പിന്നിൽ. അറബിക്കടലിന്റെ ഗുജറാത്ത് തീരത്തെ താപനില 28 ഡിഗ്രിയായും കേരളത്തിന്റെ ഭാഗത്ത് 26 ഡിഗ്രിയായും കുറഞ്ഞതോടെ കടലുകളും ശക്തമായ ക്ഷോഭത്തിലാണ്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ജൂൺ ഒന്നു മുതൽ മുതൽ ജൂലൈ ആറു വരെ ഈ സീസണിൽ സാധാരണ കാസർകോട് 196 മില്ലിമീറ്റർ മഴയാണ് ലഭിക്കാറുളളതെങ്കിലും ഇത്തവണ അത് 433.9 മില്ലീമിറ്ററായി ഉയർന്നു. പത്തനംതിട്ട, തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ഈ ദിവസങ്ങളിൽ കിട്ടേണ്ടതിനെക്കാൾ കൂടുതൽ മഴ ലഭിച്ചു..
മറ്റുജില്ലകളുടെ കണക്ക്. (യഥാക്രമം ലഭിക്കേണ്ട മഴ, കിട്ടിയത്)
കണ്ണൂർ – 196.1, 306.7
വയനാട് – 177.1, 261.1
കോഴിക്കോട് – 175, 245.6
തൃശൂർ – 136.4, 222.8
ഇടുക്കി – 148.6, 206.1
മലപ്പുറം – 135, 205.1
എറണാകുളം – 131.6, 171.7
കൊല്ലം – 63.9, 138.1
കോട്ടയം – 114.1, 135
ആലപ്പുഴ – 97, 126
പത്തനംതിട്ട – 97, 97.1
തിരുവനന്തപുരം – 95.5, 95
അടുത്തകാലത്തൊന്നും കുറഞ്ഞസമയത്തിനുള്ളിൽ ഇത്തരത്തിൽ കാസർകോട് മഴ ലഭിച്ചിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. മിക്കവർഷങ്ങളിലും മഴക്കുറവാണ് രേഖപ്പെടുത്താറ്. ഇത്തവണ ഇടതടവില്ലാതെയാണ് പെയ്യുന്നത്. മലയോരങ്ങളിലാണ് ഇത് കൂടുതൽ. കനത്തമഴയ്ക്കൊപ്പം ഇടിമിന്നൽ കൂടിയുണ്ടാകുമെന്നതിനാൽ അതീവജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.