കൊച്ചി: ഉദ്യോഗസ്ഥന്റെ താടിയേച്ചൊല്ലി മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് താടി നീട്ടി വളര്‍ത്തിയിരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രതിപക്ഷ കൗണ്‍സിലറും സിപിഐഎം നേതാവുമായ ജാഫര്‍ സാദിഖ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നീട്ടി വളര്‍ത്തിയ താടി അപമാനമാണെന്ന് അഭിപ്രായപ്പെട്ടു.
താടി നീട്ടി വളര്‍ത്തി നടക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യമുയര്‍ത്തി. ഇതിനെതിരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു. യുഡിഎഫ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ന്നത് പ്രശ്‌നം വഷളാക്കി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍പ്പുയര്‍ത്തിയതോടെ ഉന്തും തള്ളുമായി.