വിമാനത്തിലെ പ്രതിഷേധം: മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും; ഇ.പി ജയരാജനെ സാക്ഷിയാക്കും

0
192

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗണ്‍മാന്‍ എസ്. അനില്‍കുമാറിന്റെ പരാതിയിലാണ് കേസെടുത്തിരുക്കുന്നത്. വിമാനത്തിലെ യാത്രക്കാരന്‍ എന്ന നിലയില്‍ ഇ.പി.ജയരാജനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.

മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥ മോശമെന്ന് അറിയിപ്പുള്ളതിനാല്‍ ആരോഗ്യ സ്ഥിതി വിലയിരുത്തിയതിനു ശേഷമാകും മൊഴിയെടുപ്പ്. യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത് താന്‍ വിമാനത്തിലിരിക്കുമ്പോഴാണെന്നും വധിക്കാനായിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി മൊഴി നല്‍കുമോയെന്നതാണു നിര്‍ണായകം.

മുഖ്യമന്ത്രിയും ഇ.പി ജയരാജനും വധശ്രമമെന്നു മൊഴി നല്‍കുന്നതോടെ കേസ് ശക്തിപ്പെടുമെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. കൂടാതെ പത്തിലേറെ മറ്റ് സാക്ഷിമൊഴികളും കേസിന് അനുകൂലമായി ലഭിച്ചെന്നും അവകാശപ്പെടുന്നു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും കാണാതെ അനുകൂല മൊഴി ലഭിക്കുന്നവരെ മാത്രം തിരഞ്ഞ് പിടിച്ചാണ് സാക്ഷിയാക്കുന്നതെന്നും ആരോപണമുണ്ട്. അതുകൊണ്ടാണ് 48 യാത്രക്കാരുള്ളതില്‍ പത്തോളം പേരെ മാത്രം സാക്ഷിയാക്കിയതെന്നാണ് ആക്ഷേപം.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. അറസ്റ്റിലായ ഒന്നും രണ്ടും പ്രതികളായ തലശ്ശേരി സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ. കെ. നവീൻ എന്നിവരുടെ ജാമ്യഹർജി ജസ്റ്റിസ് വിജു ഏബ്രഹാം ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയിരുന്നു. മൂന്നാം പ്രതി സുനിത് നാരായണൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സർക്കാർ നിലപാട് അറിയാൻ തിങ്കളാഴ്ച പരിഗണിക്കും. അറസ്റ്റ് തടയണമെന്നാണ് ഇടക്കാലാവശ്യം.

ജൂൺ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തിൽ വലിയതുറ പൊലീസ് വധശ്രമം ഉൾപ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്. എഫ്ഐആറിലും റിമാൻഡ് റിപ്പോർട്ടിലുമുള്ള ആരോപണങ്ങൾ വ്യാജമാണെന്നും വധശ്രമ ആരോപണം തെറ്റാണെന്നും കാണിച്ചാണ് ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here