കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ പ്രതികൾക്ക് കൈമാറിയ 13.5 കിലോ വീതം ഭാരം വരുന്ന കുറ്റപത്രത്തിന്റെ പകർപ്പുകൾ പരവൂർ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. വിചാരണ നേരിടുന്ന 51 പ്രതികൾക്ക് നൽകുന്നതിന് 51 കെട്ടുകളാണ് ഹാജരാക്കിയത്.
51 കെട്ടുകളിലായി ആകെ 2.09 ലക്ഷം പേജുണ്ട്. കുറ്റപത്രം 10,855 പേജുകൾ വീതമാണെങ്കിലും ഇതിൽ 4,022 പേജ് വീതം സൗജന്യമായി നൽകാമെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ ഉറപ്പു നൽകിയിരുന്നു. ഇത്രയും പേജിന്റെ പകർപ്പുകളാണ് ഇപ്പോൾ ഹാജരാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് രണ്ട് ജീപ്പുകളിലാണ് കുറ്റപത്രം എത്തിച്ചത്.
ഓരോ പ്രതിക്കും 10,855 പേജിന്റെയും പകർപ്പ് നൽകണമെന്ന പരവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതേ തുടർന്നാണ് 4,022 പേജ് വീതം കോടതിയിൽ ഹാജരാക്കിയത്. വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കുകയും തസ്തിക സൃഷ്ടിക്കാൻ സർക്കാർ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ 59 പ്രതികളുണ്ടെങ്കിലും 8 പേർ ജീവിച്ചിരിപ്പില്ല. 2016 ഏപ്രിൽ 10ന് പുലർച്ചെ 3.30 ഓടെയായിരുന്നു വെടിക്കെട്ട് ദുരന്തം. 110 പേർ മരിച്ചു. 750ലേറെ പേർക്ക് പരിക്കേറ്റിരുന്നു.