ഉത്തർപ്രദേശിൽ സര്‍ക്കാര്‍ ഓഫീസിൽ അൽ ഖായിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ ചിത്രം സൂക്ഷിച്ച ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിന്റെ കീഴിലുള്ള ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡ് ഓഫീസിലെ സബ് ഡിവിഷണല്‍ ഓഫീസറായ രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് സസ്‌പെൻഡ് ചെയ്തത്.
‘ബഹുമാനപ്പെട്ട ഒസാമ ബിന്‍ ലാദന്‍, ലോകത്തെ മികച്ച ജൂനിയര്‍ എഞ്ചിനീയർ’ എന്നെഴുതിയ ലാദന്റെ ചിത്രമാണ് രവീന്ദ്ര പ്രകാശ് തന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്നത്. ചിത്രവും അടിക്കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അധികൃതര്‍ ഇടപെടുകയും തുടർന്ന് വിഷയത്തിൽ സ്വമേധയാ കേസ് എടുത്ത് അന്വേഷണം നടത്തുകയും ഇതിനൊടുവില്‍ രവീന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. ലാദന്റെ ചിത്രം ഓഫീസിൽ നിന്നും നീക്കം ചെയ്തതായും ഓഫീസിലെ ഉന്നത അധികാരികൾ അറിയിച്ചു.
അതേസമയം, ലാദന് ആരെയും ആരാധനാപാത്രമാക്കാന്‍ കഴിയുമെന്ന് സസ്പെൻഷനിലായ രവീന്ദ്ര പറഞ്ഞു. ലോകത്തെ തന്നെ മികച്ച ജൂനിയര്‍ എഞ്ചിനീയർ ആയിരുന്നു ലാദനെന്നും ഒരു ചിത്രം മാത്രമാണ് ഓഫീസിൽ നീക്കിയതെന്നും തന്റെ കൈയിൽ ചിത്രത്തിന്റെ നിരവധി കോപ്പികളുണ്ടെന്നും രവീന്ദ്ര പറഞ്ഞു.