തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങൾ നാടാകെ സംഘർഷ ഭൂമിയാക്കുമ്പോൾ, കണ്ട ഭാവം നടിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒരേ വേദിയിൽ. കേരള കൗമുദിയുടെ 111–ാം വാർഷികവും കുമാരനാശാന്റെ 150–ാം ജന്മ വാർഷിക ആഘോഷവുമായിരുന്നു വേദി.
പിണറായി വേദിയിലിരിക്കെയാണ് സതീശനെത്തിയത്. വേദിയിലുളള എല്ലാവരെയും കൈകാട്ടി അഭിവാദ്യം ചെയ്ത് സതീശൻ ഇരിപ്പിടത്തിലേക്ക് നീങ്ങി. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ ഗൗനിച്ചതേ ഇല്ല. മൂന്ന് സീറ്റ് അകലത്തിലായിരുന്നു സതീശന്റെ ഇരിപ്പിടം. മന്ത്രി വി.ശിവൻകുട്ടി വി.ഡി.സതീശനുമായി സംസാരിച്ചെങ്കിലും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പരസ്പരം കണ്ട ഭാവം നടിച്ചില്ല.
നിലവിളക്ക് കൊളുത്തിയുള്ള ഉദ്ഘാടന സമയത്തും ഇരുവരും അകലത്തിൽ നിന്നു. മുഖ്യമന്ത്രി പോകുന്നതിന് തൊട്ടുമുന്‍പ്, പോവുകയാണെന്ന ഭാവത്തില്‍ സതീശനോട് തലകുലുക്കി.