ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം (Babar Azam), മുഹമ്മദ് റിസ്‌വാന്‍ എന്നിവരെല്ലാം ഒരു ടീമില്‍ കളിക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ. അങ്ങനെയൊരു സാധ്യതയില്ലെന്നാണ് അടുത്തകാലം വരെ ക്രിക്കറ്റ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ അതിനൊരു സാഹചര്യം ഉരുത്തിരിഞ്ഞ് വരികയാണ്.
നിര്‍ത്തലാക്കിയ ആഫ്രോ- ഏഷ്യാ കപ്പ് അടുത്ത വര്‍ഷം മധ്യത്തോടെ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോബ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഷ്യന്‍ ഇലവന്‍ വേണ്ടി ഇന്ത്യ, പാകിസ്ഥാന്‍ താരങ്ങള്‍ ഒരുമിച്ച് കളിക്കും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമിലെ താരങ്ങളുണ്ടാവും ടീമിലുണ്ടാവും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും ആയിട്ടില്ല.
നേരത്തെ രണ്ട് തവണ മാത്രാണ് ആഫ്രോ- ഏഷ്യാ കപ്പ് നടന്നിട്ടുള്ളത്. 2005, 2007 വര്‍ഷങ്ങളിലായിരുന്നുവത്. ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരും പാക് താരങ്ങളായ ഷുഐബ് അക്തര്‍, ഷാഹിദ് അഫ്രീഡി എന്നിവരും ഒരേ ടീമില്‍ കളിച്ചിരുന്നു.
അടുത്തിടെ ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേസ്വര്‍ പൂജാര റിസ്‌വാനൊപ്പം കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിരുന്നു. സസെക്‌സിന് വേണ്ടിയാണ് ഇരുവരും പാഡ് കെട്ടിയത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം ഇന്ത്യയും പാകിസ്ഥാനും അവസാനം നേര്‍ക്കുനേര്‍ വന്നത് ഇക്കഴിഞ്ഞ ടി20 ലോകകപ്പിലാണ്. അന്ന് ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ലോകകപ്പില്‍ ആദ്യമായിട്ടാണ് ഇന്ത്യ, പാകിസ്ഥാന് മുന്നില്‍ തോല്‍ക്കുന്നത്.
ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമേ ഇരുവരും നേര്‍ക്കുനേര്‍ കളിക്കാറുള്ളൂ. 2012-13 കാലയളവിലായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനമായി പരമ്പര കളിച്ചത്. 2008 പ്രഥമ ഐപിഎല്ലില്‍ പാകിസ്ഥാന്‍ താരങ്ങളുണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയ കാരണങ്ങളാല്‍ പാക് താരങ്ങളെ ഉള്‍പ്പെടുത്തേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപ്പെട്ടാണ് തീരുമാനമെടുത്തത്.