പ്രവാചക നിന്ദ : യുപിയിലെ ബുൾഡോസർ പൊളിക്കലുകളെ വിമർശിച്ച് കാന്തപുരം

0
234

കോഴിക്കോട്: പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് രാജ്യത്തെ ഏത് നിയമവ്യവസ്ഥയുടെ പിൻബലത്തിലാണെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചവർ നിയമം ലംഘിച്ചെങ്കിൽ അവരെ പിടികൂടാനും നടപടി സ്വീകരിക്കാനും രാജ്യത്തിന് നിയമമുണ്ട്. അത് പരിഗണിക്കാതെ വംശീയ ഉന്മൂലനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഭരണാധികാരികൾ പ്രവർത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കാന്തപുരം വ്യക്തമാക്കി.

ഇത് ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കുന്ന നടപടികളാണ്. നിയമം വിശദീകരിക്കേണ്ടത് നമ്മുടെ ഭരണഘടനയും തീർപ്പ് കൽപിക്കേണ്ടത് കോടതികളുമാണ്. നിയമനടപടികൾ പാലിക്കാതെ രാജ്യത്തൊരിടത്തും ഇത്തരം അതിക്രമങ്ങൾ തുടരാൻ അനുവദിക്കരുതെന്നും കാന്തപുരം ആവശ്യപ്പെട്ടു.

പ്രവാചകരെ നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചവർ രാജ്യത്തെ നാണം കെടുത്തുകയാണ് ചെയ്തത്. പ്രവാചക നിന്ദയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾ അതിരുവിടരുതെന്നും അങ്ങേയറ്റത്തെ സംയമനമാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ വേണ്ടതെന്നും കാന്തപുരം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here