കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന നടി സായ് പല്ലവിയുടെ പരാമർശം വിവാദമായതിന് പിന്നാലെ താരത്തിനെതിരെ പൊലീസിൽ പരാതി. ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസ് സ്റ്റേഷനിലാണ് സായ് പല്ലവിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ബജ്റംഗ് ദൾ പ്രവർത്തകരാണ് താരത്തിനെതിരെ പരാതി നൽകിയത്.
നടിക്കെതിരെ ഇതുവരെ കേസെടുച്ചിട്ടില്ലെന്നും വീഡിയോ കണ്ട്, നിയമോപദേശം തേടിയ ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. വിരാട പർവ്വം എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു നടി. മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി വ്യക്തമാക്കി. ഈ പ്രസ്താവനത
സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. ചിലർ സായ് പല്ലവിയെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു.
“ഞാൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നിൽക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. നിങ്ങൾ അതിനെ മത സംഘർഷമായി കാണുന്നുവെങ്കിൽ, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരാളെ കൊലപ്പെടുത്തിയതും കൂടി കാണണം. ഇതുരണ്ടും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. നല്ല മനുഷ്യനാകാനാണ് വീട്ടുകാർ എന്നോട് പറഞ്ഞത്. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പ്രതികരിക്കുക. അത് പ്രധാനമാണ്. നിങ്ങൾ നല്ലൊരു വ്യക്തിയാണെങ്കിൽ തെറ്റിനെ പിന്തുണയ്ക്കുകയില്ല”, എന്ന് സായ് പല്ലവി പറഞ്ഞു.
“For me violence is wrong form of communication. Mine is a neutral family where they only taught to be a good human being. The oppress, however, should be protected. I don’t know who’s right & who’s wrong. If you are a good human being, you don’t feel one is right.”
– #SaiPallavi pic.twitter.com/o6eOuKvd2G— Hate Detector 🔍 (@HateDetectors) June 14, 2022
തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെൻറ് പശ്ചാത്തലമാക്കുന്ന ചിത്രമാണ് വീരാട പർവ്വം. 1990കളാണ് ചിത്രത്തിൽ കടന്നുവരുന്നത്. സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോ. രവി ശങ്കർ ആണ് റാണയുടെ കഥാപാത്രം. കവിയും നക്സലൈറ്റുമാണ് ഈ കഥാപാത്രം. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. രാവണ്ണയുടെ കവിതകളിലൂടെ അദ്ദേഹത്തോട് പ്രണയത്തിലാവുകയാണ് സായ് പല്ലവിയുടെ കഥാപാത്രം. വേണു ഉഡുഗുല രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രിയാമണി, നന്ദിതാദാസ്, നിവേദ പെതുരാജ്, നവീൻ ചന്ദ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സുരേഷ് പ്രൊഡക്ഷൻസ്, എസ്എൽവി സിനിമാസ് എന്നീ ബാനറുകളിൽ സുധാകർ ചെറുകുറി ആണ് നിർമ്മാണം. ഛായാഗ്രഹണം ഡാനി സാലൊ, ദിവാകർ മണി. എഡിറ്റിംഗ് ശ്രീകർ പ്രസാദ്. സംഗീതം സുരേഷ് ബൊബ്ബിളി. സംഘട്ടനം പീറ്റർ ഹെയ്ൻ, സ്റ്റെഫാൻ റിഷ്റ്റർ.