‘കടക്ക് പുറത്ത്’; ഐ.എന്‍.എല്ലിന് എല്‍.ഡി.എഫ് മുന്നണി യോഗത്തില്‍ ക്ഷണമില്ല

0
229

പാര്‍ട്ടിയിലെ പിളർപ്പിന് പിന്നാലെ ഐ.എന്‍.എല്ലിനെ മാറ്റിനിർത്താന്‍ എല്‍.ഡിഎഫ് തീരുമാനം. എല്‍.ഡി.എഫിന്‍റെ മുന്നണി യോഗത്തിന് ഐ.എന്‍.എല്ലിന് ക്ഷണമില്ല. അതേസമയം വഹാബുമായി ഇനി ചർച്ചയില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. ദേവർകോവിലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി വഹാബ് പക്ഷവും രംഗത്തെത്തി.

ഈ മാസം 15 നാണ് എല്‍ഡി.എഫിന്‍റെ മുന്നണി യോഗം. ഈ യോഗത്തിലേക്കാണ് ഇടതുമുന്നണി ഐ.എന്‍.എല്‍ നേതാക്കളെ ക്ഷണിക്കാതിരുന്നത്. ഇടതുമുന്നണി യോഗത്തിലേക്ക് വിളിച്ചോ എന്ന ചോദ്യത്തിന് ഐ.എന്‍.എല്‍ മന്ത്രിയായ അഹമ്മദ് ദേവർകോവിൽ കൃത്യമായ മറുപടിയും നൽകിയില്ല. എ.പി അബ്ദുൽ വഹാബുമായി ഇനി ചർച്ചയില്ലെന്നും പുതിയ സംസ്ഥാനകമ്മിറ്റി ഈ മാസം 31 ന് നിലവിൽ വരുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അതേസമയം സ്ഥാനമാനം മാത്രമല്ല രാഷ്ട്രീയമെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.

മാർച്ച് 31ന് പുതിയ ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി നിലവിൽ വരുമെന്നും മാർച്ച് അവസാനം സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തുമെന്നും അബ്ദുല്‍ വഹാബ് വ്യക്തമാക്കി. നാഷണൽ ദലിത് ലീഗ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നതായും വബാബ് വ്യക്തമാക്കി. ഭിന്നിച്ച് നിന്നാൽ മുന്നണിക്ക് പുറത്തുനിൽക്കേണ്ടി വരുമെന്ന് എല്‍.ഡി.എഫ് അറിയിച്ചിരുന്നെന്നും അതുകൊണ്ടാണ് ഇടതുമുന്നണി യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു,

അഹമ്മദ് ദേവർകോവിലിനെതിരെ നടപടിയുണ്ടാകും, പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ അദ്ദേഹത്തോട് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കും. വിഭാഗീയ പ്രവർത്തനങ്ങൾക്ക് മന്ത്രി തന്നെ നേതൃത്വം നൽകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വഹാബ് കൂട്ടിച്ചേര്‍ത്തു.

വഹാബിനെ പുറത്താക്കിയ ദേശീയ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നോട്ടീസ് നൽകുമെന്ന് അറിയിച്ച വഹാബ് ഐ.എന്‍.എല്‍ എന്ന പേരും കൊടിയും ഇനിയും ഉപയോഗിക്കുമെന്നും വ്യക്തമാക്കി. യഥാർത്ഥ ഐ.എന്‍.എല്‍ എന്ന നിലയിൽ എല്‍.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിക്കണമെന്ന് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here