എന്നു തീരും കേന്ദ്രത്തിന്റെ ‘വില ഉയർത്തൽ യുദ്ധം’? പെട്രോൾവില കുതിക്കുന്നു 125ലേക്ക്?

0
262

എല്ലാ മാസവും തിരഞ്ഞെടുപ്പുണ്ടായിരുന്നെങ്കിൽ… ഒരു ശരാശരി ഇന്ത്യൻ പൗരൻ ഇപ്പോൾ ചിന്തിക്കുന്നത് ഇങ്ങനെയാണ്. തിരഞ്ഞെടുപ്പു മൂലം നിർത്തിവച്ച ഇന്ധന വില വർധന പുനരാരംഭിച്ചതോടെ സാധാരണക്കാരുടെ ദുരിതം കൂടുകയാണ്. പാചകവാതകത്തിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും സിഎൻജിയുടെയുമെല്ലാം വില ഉയർത്തിത്തുടങ്ങി. റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം അസംസ്കൃത എണ്ണവില ബാരലിന് ശരാശരി 110 ഡോളറിൽ തുടരുന്ന സാഹചര്യത്തിൽ ദിവസേനയുള്ള എണ്ണവില വർധന എന്ന് അവസാനിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല.

യുദ്ധം അവസാനിച്ചാലും അസംസ്കൃത എണ്ണവില താഴാൻ നാളുകളേറെ വേണ്ടിവരും. ഏപ്രിലിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ 15 രൂപയിലധികം വർധനയുണ്ടാകുമെന്നാണു വിലയിരുത്തൽ. ഉത്തർപ്രദേശ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു മൂലം കഴിഞ്ഞ നവംബർ 3 മുതൽ മാർച്ച് 21 വരെ ഇന്ധനവില വർധന മരവിപ്പിച്ചതുകൊണ്ട് എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം 225 കോടി ഡോളറാണ് (ഏകദേശം 17,000 കോടി രൂപ). ഈ നഷ്ടം നികത്താൻ വലിയ തോതിലുള്ള വില വർധന കുറഞ്ഞ കാലത്തിനുള്ളിൽ എണ്ണക്കമ്പനികൾ നടപ്പാക്കും. ജനങ്ങളിലേക്ക് അമിതഭാരമെത്താതിരിക്കണമെങ്കിൽ കേന്ദ്രം എക്സൈസ് നികുതിയും സംസ്ഥാനങ്ങൾ വിൽപന നികുതിയും കുറയ്ക്കണം.

ഏപ്രിലിൽ പെട്രോൾ 125 കടക്കും?

ഏപ്രിൽ പകുതിയോടെ പെട്രോളിനും ഡീസലിനും ഏതാണ്ട് 15 രൂപ വർധിക്കുമെന്നാണ് വിലയിരുത്തലുകൾ. നിലവിലെ വില വർധനയുടെ തോത് പരിശോധിച്ചാൽ ഏപ്രിൽ പകുതിയോടെ പെട്രോൾ ലീറ്ററിന് കേരളത്തിൽ 125 രൂപ കടക്കാനാണ് സാധ്യത. പ്രതിദിനം 80–90 പൈസയാണ് ഇപ്പോൾ കൂട്ടുന്നത്. ലീറ്ററിനു 104.31 രൂപയായിരുന്ന പെട്രോൾ വില (കൊച്ചി നഗരത്തിലെ വില) 4 ദിവസത്തെ വർധനകൊണ്ട് 107.76 രൂപയായി ഉയർന്നു.

തിരുവനന്തപുരത്ത് പെട്രോൾ വില 110 രൂപയ്ക്കടുത്തായി. 91.55 രൂപയിൽ നിന്ന് ഒരു ലീറ്റർ ഡീസലിന്റെ വില 94.89 രൂപയിലേക്കും ഉയർന്നു. ഏപ്രിൽ പകുതിയോടെ ഡീസൽ വില 110 രൂപയും കടന്നേക്കും. ഇതിനിടയിൽ വില വർധന പിടിച്ചു നിർത്താൻ നികുതിയിളവ് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടെങ്കിൽ മാത്രമേ അൽപമെങ്കിലും ആശ്വാസത്തിനു വകയുള്ളൂ.

വിലവർധന എന്തുകൊണ്ട്?

രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില അനുസരിച്ചാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ നിർണയിക്കുന്നത്. വില നിർണയത്തിന് ഒട്ടേറെ ഘടകങ്ങളെ അടിസ്ഥാനമാക്കാറുണ്ടെങ്കിലും ഏറ്റവും പ്രധാനം ക്രൂഡ്ഓയിൽ വില തന്നെ. 15 ദിവസത്തെ ശരാശരി വിലയാണ് ഇതിനു പരിഗണിക്കുന്നത്. എണ്ണക്കമ്പനികൾക്ക് മാർജിൻ നഷ്ടമാകാതിരിക്കാൻ, ബാരലിന് ഒരു ഡോളർ കൂടുമ്പോൾ ഇന്ധനവില ലീറ്ററിന് 52 പൈസ വർധിപ്പിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വിലവർധന മരവിപ്പിക്കുന്നതിനു മുൻപത്തെ ക്രൂഡ് വിലയെക്കാൾ 37 ഡോളറിന്റെ വർധന ഇപ്പോഴുള്ളതിനാൽ ഏതാണ്ട് 19 രൂപയുടെ വർധന, നഷ്ടം നികത്താൻ മാത്രം എണ്ണക്കമ്പനികൾക്കു വേണ്ടി വന്നേക്കും. ലാഭത്തിലേക്കു കടക്കാനായി വില വീണ്ടും കൂട്ടാനുള്ള സാഹചര്യവുമുണ്ട്. അതേസമയം ക്രൂഡ് വില കുറഞ്ഞുനിന്നപ്പോൾ അതിന് അനുസൃതമായി വില കുറയ്ക്കാത്തതിനാൽ എണ്ണക്കമ്പനികൾക്ക് ഇപ്പോഴത്തെ ക്രൂഡ് വില വർധനകൊണ്ട് തത്വത്തിൽ കാര്യമായ നഷ്ടമുണ്ടായിട്ടില്ലെന്നും വിലയിരുത്തലുകളുണ്ട്.

2020 മാർച്ചിൽ കോവിഡിനെ തുടർന്നുള്ള ഡിമാൻഡ് ഇടിവു മൂലം ബ്രെന്റ് ക്രൂഡിന്റെ വില 10 ഡോളർ നിലവാരത്തിലേക്ക് ഇടിഞ്ഞിരുന്നു. അമേരിക്കൻ ക്രൂഡിന്റെ വില നെഗറ്റീവ് ആകുകയും ചെയ്തു. ഈ സാഹചര്യത്തിലൊന്നും രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ കുറച്ചിരുന്നില്ല.

നഷ്ടം നികത്താൻ എണ്ണക്കമ്പനികൾ

137 ദിവസം ഇന്ധനവിലയിൽ മാറ്റം വരുത്താതിരുന്നതിനാൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങി രാജ്യത്തെ പ്രധാന എണ്ണക്കമ്പനികൾക്ക് സംഭവിച്ച നഷ്ടം 225  കോടി ഡോളറിന്റേതാണ്. മൂഡീസ് പുറത്തുവിട്ട കണക്കു പ്രകാരമാണിത്. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പൂർത്തിയായതിന്റെ പിറ്റേന്നു മുതൽ രാജ്യത്ത് ഇന്ധനവില വർധനയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടാഴ്ച കഴിഞ്ഞാണ് വില കൂട്ടിത്തുടങ്ങിയത്.

ഈ സമയത്ത് യുദ്ധം മൂലം ക്രൂഡ്ഓയിൽ വില കൂടുകയും ചെയ്തു. മാർച്ചിലെ ആദ്യ മൂന്ന് ആഴ്ചയിലെ ക്രൂഡ്ഓയിൽ വില ശരാശരി 111 ഡോളറാണ്. നവംബർ 4 മുതലാണ് തിരഞ്ഞെടുപ്പിനെ തുടർന്ന് കേന്ദ്രം എണ്ണവില വർധന മരവിപ്പിച്ചത്. മാർച്ച് 21ന് വില വർധന പുനരാരംഭിച്ചു. ഈ സമയത്തിനുള്ളിൽ ക്രൂഡ്ഓയിൽ വില 82 ഡോളറിൽ നിന്ന് 111 (ശരാശരി വില) ഡോളറിലേക്കു കുതിച്ചു. ഇക്കാലയളവിലെ ശരാശരി വിൽപനയുമായി താരതമ്യം ചെയ്താണ് 225 കോടി ഡോളറിന്റെ നഷ്ടം രാജ്യത്തെ പ്രധാന എണ്ണക്കമ്പനികൾക്കുണ്ടായതെന്ന് മൂഡീസ് വ്യക്തമാക്കുന്നു.

അടുക്കളയും പൊള്ളും

2021 ഒക്ടോബറിനു ശേഷം ആദ്യമായാണ് പാചകവാതക വില കൂട്ടുന്നത്. 14.2 കിലോഗ്രാമിന്റെ ഗാർഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്. ഇതോടെ സിലിണ്ടറിന് (കൊച്ചിയിലെ വില) 976.50 രൂപയായി. ഒരു സിലിണ്ടർ വീട്ടിൽ ഡെലിവറി നടത്തുമ്പോൾ 1000 രൂപയിലധികം നൽകേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. വില കുറയാനുള്ള സാധ്യതകളൊന്നും മുന്നിലില്ലാത്തതും വർഷങ്ങളായി പാചകവാതക സബ്സിഡിയില്ലാത്തതും സാധാരണക്കാരന്റെ ഭാരം കൂട്ടുകയാണ്.

റഷ്യൻ എണ്ണ വില വർധന തടയുമോ?

നിലവിലെ വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഭാവിയിൽ ഇന്ധനവിലക്കയറ്റത്തിനു ചെറിയ ആശ്വാസമായേക്കാം. ആദ്യഘട്ടത്തിൽ 30 ലക്ഷം ബാരലായിരിക്കും ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുക. രാജ്യാന്തര ബെഞ്ച്മാർക്ക് വിലയേക്കാൾ 20 ശതമാനം കുറഞ്ഞ നിരക്കിലായിരിക്കും ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് എണ്ണ ലഭിക്കുക. തുടർന്നും കൂടുതൽ ഇറക്കുമതിക്കായുള്ള ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്നുണ്ട്.

ആകെ ആവശ്യകതയുടെ 85 ശതമാനത്തോളം എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ 2–3 ശതമാനം മാത്രമാണ് നിലവിൽ റഷ്യയിൽ നിന്നു വാങ്ങുന്നത്. യുദ്ധത്തെത്തുടർന്ന് എണ്ണവില 40 ശതമാനത്തോളം ഉയർന്നതോടെയാണ് കൂടുതൽ എണ്ണ റഷ്യയിൽ നിന്നു വാങ്ങി വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നത്. പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും റഷ്യൻ ഡപ്യൂട്ടി പ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കും തമ്മിൽ ഇതുസംബന്ധിച്ച് ഫോണിൽ ചർച്ച നടത്തിയിരുന്നു.

അതേസമയം അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയെ സ്വിഫ്റ്റിൽ നിന്നു പുറത്താക്കിയതോടെ എണ്ണവാങ്ങുന്നതുമായി ബന്ധപ്പെട്ട പണമിടപാടിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഡോളറോ യൂറോയോ നൽകി ഇന്ത്യയ്ക്ക് എണ്ണ വാങ്ങാനാകില്ല. റഷ്യയാകട്ടെ ഉപരോധത്തിൽനിന്നു രക്ഷ തേടി, എണ്ണയ്ക്കുള്ള പ്രതിഫലം റഷ്യന്‍ കറൻസിയായ റൂബിളിൽ തരണമെന്നാണ് വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നികുതി കുറയ്ക്കുമോ സർക്കാർ?

നവംബറിൽ കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചതിനാൽ, പെട്രോളിന് ലീറ്ററിന് 5 രൂപയുടെയും ഡീസലിന് 10 രൂപയുടെയും കുറവ് ജനങ്ങൾക്കു ലഭിച്ചിരുന്നു. ഏതാണ്ട് 20 രൂപയുടെ വർധന വരും ദിവസങ്ങളിൽത്തന്നെ ഉണ്ടാകുമെന്നുറപ്പുള്ളപ്പോൾ സർക്കാർ‌ നിലപാടുകൾ നിർണായകമാണ്. വലിയ ഭാരം ജനങ്ങൾ തന്നെ അനുഭവിക്കട്ടേ എന്ന നിലപാട് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സ്വീകരിക്കുമോ എന്നു കാത്തിരുന്നു കാണണം.

കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും കോവിഡിനു മുൻപത്തേക്കാൾ ഉയർന്ന നിരക്കിൽ തന്നെയാണ് നികുതി നിരക്ക് ഇപ്പോഴും. കേന്ദ്രം നികുതി കുറച്ചതിനെത്തുടർന്ന് ഏതാനും സംസ്ഥാനങ്ങൾ വിൽപന നികുതി കുറച്ചെങ്കിലും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാത്തതിനാൽ കേരളത്തിൽ വില കാര്യമായി കുറഞ്ഞിരുന്നില്ല.

യുദ്ധം പൂർണമായി അവസാനിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥ കരകയറുകയും ചെയ്താൽ മാത്രമേ ആഗോള തലത്തിൽ എണ്ണവിലയിൽ കാര്യമായ ഇടിവുണ്ടാകുകയുള്ളു. അതിനാൽ സർക്കാർ ഇടപെടൽ ഉടൻ ഉണ്ടായില്ലെങ്കിൽ ഇന്ധനവില സാധാരണക്കാരുടെ നട്ടെല്ലൊടിക്കും. ഇന്ധനവിലക്കയറ്റവും പണപ്പെരുപ്പ ഭീഷണിയും തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഓയിൽ റിസർവുകൾ തുറക്കുന്നതും കൂടുതൽ മേഖലകളിൽ നിന്നുള്ള ഇറക്കുമതിയും വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണെന്നു പറയുന്ന സർക്കാർ പക്ഷേ, നികുതി കുറയ്ക്കുമോ എന്നു വ്യക്തമാക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here