ഹൈദരാബാദ് എഫ്സി താരം അബ്ദുൽ റബീഹിന്‍റെ ബൈക്കില്‍ ബ്ലാസ്റ്റേഴ്സ് മത്സരം കാണാനുള്ള യാത്ര; വഴിയില്‍ ദുരന്തം

0
378

മലപ്പുറം: ഒതുക്കുങ്ങൽ ചെറുകുന്ന് നിവാസികൾ ഇന്നുണർന്നത് സങ്കടപ്പെരുമഴയിലേക്കാണ്. ഗോവയിൽ വച്ച് നടക്കുന്ന ഐ എസ് എൽ ഫൈനൽ മത്സരം കാണാൻ പുറപ്പെട്ട സംഘത്തിലെ രണ്ട് പേർ അപകടത്തിൽ മരിച്ച വാർത്ത ഞെട്ടലോടെയാണ് ഒതുക്കുങ്ങൽ ചെറുകുന്ന് നിവാസികൾ കേട്ടത്. ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാറിലും ബൈക്കിലുമായി രണ്ട് സംഘങ്ങളായാണ് ഇവർ യാത്ര പുറപ്പെട്ടത്. ഇന്ന് പുലർച്ചെ കാസർകോട് ഉദുമയിൽ എതിരെ വന്ന മീൻ ലോറിയുമായി ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം.

സംഭവ സ്ഥലത്ത് തന്നെ ഇവർ മരിച്ചു. ഹൈദരാബാദ് എഫ് സി താരം റബീഹിന്റെ പിതാവിന്റെ അനിയനാണ് മരിച്ച ഷിബിൽ. റബീഹ് തന്നെയാണ് ഇവർക്ക് കളി കാണാനുള്ള ടിക്കറ്റ് അയച്ചു നൽകിയതെന്ന് കൂട്ടുകാർ പറയുന്നു. മരിച്ചവർ സഞ്ചരിച്ച ബൈക്ക് ഹൈദരാബാദ് എഫ്സി താരം അബ്ദുൽ റബീഹിന്റേതാണ്.  KL 65 R 0017 ബുള്ളറ്റാണ് അപകടത്തിൽപെട്ടത്. ഷിബിൽ ആയിരുന്നു ബുള്ളറ്റ് ബൈക്ക് ഓടിച്ചിരുന്നത്.

ഇവർക്ക് മുന്നിൽ സഞ്ചരിച്ചിരുന്ന കാറിലെ സംഘം അപകട വിവരമറിഞ്ഞത് പൊലീസ് അറിയിച്ചതിനെ തുടർന്നാണ്. ഈ സംഘമാണ് നാട്ടിലേക്ക് വിവരമറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ നാട്ടിലേക്ക് മൃതദേഹം എത്തിക്കും. കേരള ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌സി ഫൈനല്‍ ഇന്ന് ഗോവയിലെ ഫറ്റോര്‍ഡയിലാണ് നടക്കുക. ഇരുടീമുകളും ലീഗിലെ ആദ്യകിരീടമാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് എഫ്‌സി ഫൈനലിലെത്തിയിരിക്കുന്നത്. ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. എങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ജഴ്‌സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത. ഗാലറി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ കളത്തില്‍ കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക. ഫൈനലിന്റെ ടിക്കറ്റിനായി പൊരിഞ്ഞ പോരാട്ടമായിരുന്നു മഞ്ഞപ്പട ആരാധകര്‍ തമ്മില്‍. 18,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലെ മുഴുവന്‍ ടിക്കറ്റും വില്‍പനയ്ക്ക് വച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here