കസ്റ്റഡിയിലെടുത്തയാള്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ചെന്ന് പൊലീസ്; പിന്നാലെ സംഘര്‍ഷം, പൊലീസുകാരന്‍ കൊല്ലപ്പെട്ടു

0
315

ബിഹാറില്‍ അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടു. കല്ലേറില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബേട്ടിയയിലായിരുന്നു സംഭവം.

ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഒരാളുടെ മരണത്തെ തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തരായത്. കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നല്ല മരണമെന്നും തേനീച്ചയുടെ കുത്തേറ്റാണ് ഇയാള്‍ മരിച്ചതെന്നും പൊലീസ് വിശദീകരിച്ചു. ഈ വിശദീകരണം വിശ്വസിക്കാന്‍ തയ്യാറല്ലാതിരുന്ന ആള്‍ക്കൂട്ടം ബൽത്തർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി മൂന്ന് പൊലീസ് വാഹനങ്ങൾ കത്തിച്ചു.

സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ രാം ജതൻ സിങ് കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് ബേട്ടിയ പൊലീസ് സൂപ്രണ്ട് ഉപേന്ദ്ര നാഥ് വർമ പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ ഡിജെ ഗ്രൂപ്പിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്‌റ്റേഷനിൽ എത്തിയ ബന്ധുക്കളാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് മര്‍ദനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here