സുവര്‍ണ ക്ഷേത്രത്തില്‍ വെച്ച് രാഹുല്‍ ഗാന്ധിയുടെ പോക്കറ്റടിച്ചെന്ന് അകാലിദള്‍; നുണയെന്ന് കോണ്‍ഗ്രസ്

0
280

ന്യൂഡല്‍ഹി: പഞ്ചാബിലെത്തിയ രാഹുല്‍ ഗാന്ധി സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ രാഹുലിനെ പോക്കറ്റടിച്ചിട്ടുണ്ടാകാമെന്ന ആരോപണവുമായി അകാലിദള്‍ എംപി ഹര്‍സിമ്രാത് കൗര്‍. രാഹുലിന്റെ എന്തെങ്കിലും വസ്തുക്കള്‍ മോഷണം പോയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ അന്ന് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ആരെങ്കിലും ഒരാളായിരിക്കുമെന്നും അവര്‍ പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ചര്‍ണ്‍ജീത് സിങ് ചന്നി, ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിങ്, പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു എന്നിവരാണ് രാഹലിന് ഒപ്പം ഉണ്ടായിരുന്നത്. ഇത് സുവര്‍ണ ക്ഷേത്രത്തെ ഒരു തവണ കൂടി അപമാനിക്കാനുള്ള ശ്രമമായിരിക്കാമെന്നും മുന്‍ കേന്ദ്ര മന്ത്രികൂടിയായ കൗര്‍ ട്വീറ്റ് ചെയ്തു.

അതേസമയം കൗറിന് മുപടിയുമായി കോണ്‍ഗ്രസും രംഗത്ത് വന്നു. കൗർ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. പുണ്യഭൂമിയെ അപമാനിക്കുന്നതാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍. ശരിയാണ് പോക്കറ്റടി നടന്നു. മോദിക്കൊപ്പം നിന്ന് കര്‍ഷക നിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് കര്‍ഷകരുടെ പോക്കറ്റടിക്കാന്‍ ശ്രമിക്കുകയായിരുന്നു അകാലിദള്‍ എന്നും സുര്‍ജേവാല തിരിച്ചടിച്ചു. 2020 സെപ്റ്റംബറില്‍ ആണ് കൗര്‍ മോദി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here