സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു; യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി

0
277

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. അഞ്ചു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി 1.50 രൂപയുടെ വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട്.

അഞ്ചു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ചു കെഎസ്ഇബി തയാറാക്കിയ താരിഫ് പെറ്റിഷന്‍ അംഗീകാരത്തിനായി ഇന്ന് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും. വൈദ്യുതി നിരക്കു പുതുക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡിലെ ട്രേഡ് യൂണിയനുകള്‍, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കൃഷ്ണന്‍കുട്ടി, കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു.

സംസ്ഥാന ഉപഭോക്തൃ സംഘടനകളുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിരക്കുവര്‍ധന ഒഴിവാക്കണമെന്നായിരുന്നു ഉപഭോക്തൃ സംഘടനകളുടെ ആവശ്യം.

നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി

അതേസമയം വൈദ്യുതി നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണം. നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

സംസ്ഥാനത്ത് കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു പദ്ധതികൾ ഇക്കൊല്ലം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താൽക്കാലമില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here