അഞ്ചു വര്‍ഷം എത്ര തവണ വേണമെങ്കിലും യുഎഇയില്‍ സന്ദര്‍ശനം നടത്താം; വിസക്ക് 650 ദിര്‍ഹം മാത്രം

0
613

അബുദാബി: യുഎഇ ഇമിഗ്രേഷന്‍ അധികൃതര്‍ രാജ്യത്ത് പ്രവേശിക്കാനുള്ള അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കുള്ള അപേക്ഷ നടപടികള്‍ ആരംഭിച്ചു. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസ ലഭ്യമാകും.

അഞ്ചു വര്‍ഷത്തിന് ലഭ്യമാകുന്ന ഈ മള്‍ട്ടിപ്പിള്‍ വിസയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ എത്ര തവണ വേണമെങ്കിലും യുഎഇയിലേക്കെത്താന്‍ സാധിക്കും. ഓരോ സന്ദര്‍ശനത്തിലും 90 ദിവസം വരെ യുഎഇയില്‍ കഴിയാം. വേണമെങ്കില്‍ 90 ദിവസംകൂടി നീട്ടി നല്‍കും.

യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് (ഐസിഎ) വഴി 650 ദിര്‍ഹമാണ് (13131 രൂപ) അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്കായി അപേക്ഷന്‍ നല്‍കേണ്ടത്.

ഐസിഎ വെബ്‌സൈറ്റ് വഴി താത്പര്യമുള്ളവര്‍ക്ക് നേരിട്ട് വിസക്കായി അപേക്ഷിക്കാന്‍ സാധിക്കും. അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വെബ്സൈറ്റില്‍ നേരിട്ട് അപ്ലോഡ് ചെയ്യാന്‍ കഴിയുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം, അപേക്ഷകന് വിസ നല്‍കണോ വേണ്ടയോ എന്നത് ഇമിഗ്രേഷന്‍ അതോറിറ്റിയുടെ വിവേചനാധികാരമാണ്.

വിവിധ എമിറേറ്റുകളിലുള്ള ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴിയും അപേക്ഷ സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here