വസീം ജാഫറിന് പിന്തുണയുമായി കുംബ്ലെ, പത്താന്‍, തിവാരി

0
196

മുംബൈ: മതപരമായ താല്‍പര്യം മുന്‍നിര്‍ത്തി ടീമിനെ ഒരുക്കിയെന്നും ഡ്രസ്സിംഗ് റൂമിനെ വര്‍ഗീയവല്‍ക്കരിച്ചുവെന്നുമുള്ള ആരോപണത്തിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവെച്ച  മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍. വസീം ജാഫര്‍ ചെയ്തത് ശരിയായ കാര്യമാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ പ്രതികരിച്ചു.

താങ്കള്‍ക്കൊപ്പമാണ് വസീം ഞാന്‍, താങ്കള്‍ ചെയ്തതാണ് ശരി, നിര്‍ഭാഗ്യവശാല്‍ താങ്കളുടെ മാര്‍ഗനിര്‍ദേശം യുവതാരങ്ങള്‍ക്ക് നഷ്ടമാവും എന്നായിരുന്നു കുംബ്ലെയുടെ പ്രതികരണം. മുന്‍ ഇന്ത്യന്‍ താരമായ മനോജ് തിവാരിയും ജാഫറിനെ പിന്തുണച്ച് രംഗത്തെത്തി.

രാജ്യത്തിന്‍റെ ഹീറോ ആയ ഒറു കളിക്കാരനെ വര്‍ഗീയവാദിയായി ചിത്രീകരിച്ച സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അടിയന്തിരമായി ഇടപെടണമെന്ന് മനോജ് തിവാരി പറഞ്ഞു. ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് മാതൃക കാട്ടണമെന്നും തിവാരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ക്ക് ജാഫര്‍ വിശദീകരണം നല്‍കേണ്ടിവരുന്നത് തന്നെ നിര്‍ഭാഗ്യകരമാണെന്നായിരുന്നു ഇര്‍ഫാന്‍ പത്താന്‍റെ പ്രതികരണം. ആരോപണങ്ങളില്‍ ജാഫറിന് പിന്തുണയുമായി വിദര്‍ഭ ക്രിക്കറ്റ് ടീം അംഗങ്ങളും രംഗത്തെത്തി. 2015 മുതല്‍ 2020വരെ വിദര്‍ഭക്കുവേണ്ടിയാണ് ജാഫര്‍ രഞ്ജി ട്രോഫി കളിച്ചത്.

ജാഫര്‍ തന്‍റെ മൂത്ത സഹോദരനെപ്പോലെയാണെന്നും ആരോപണങ്ങള്‍ ഞെട്ടിച്ചുവെന്നും വിദര്‍ഭയെ രണ്ടു തവണ രഞ്ജിയിലും ഇറാനി ട്രോഫിയിലും ചാമ്പ്യന്‍മാരാക്കിയ നായകന്‍ ഫൈസ് ഫസല്‍ പറഞ്ഞു. അടിമുടി മാന്യനായ ജാഫറില്‍ കളിക്കാരോട് എന്തെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ഫസല്‍ പറഞ്ഞു. വിദര്‍ഭ വിക്കറ്റ് കീപ്പര്‍ അക്ഷയ് വാഡ്ക്കറും ജാഫറിനെതിരായ ആരോപണങ്ങള്‍ തള്ളി. പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് അദ്ദേഹം ടീമിനെ തെരഞ്ഞെടുക്കുന്നതെന്ന് വാഡ്ക്കര്‍ പറഞ്ഞു.

അനര്‍ഹരെ ടീമില്‍ തിരുകി കയറ്റാന്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ജാഫര്‍ രാജിക്കത്തില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഡ്രസ്സിംഗ് റൂമിനെ വര്‍ഗീയവല്‍ക്കരിക്കുകയും മുസ്ലീം താരങ്ങള്‍ക്ക് ജാഫര്‍ മുന്‍ഗണന നല്‍കുകയാണെന്നുമാണ് ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മാഹിം വര്‍മയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here