യൂത്ത് ലീഗ് അഞ്ചുലക്ഷം രൂപ നല്‍കിയെന്ന് കത്‌വ പെണ്‍കുട്ടിയുടെ കുടുംബം

0
186

ന്യൂഡല്‍ഹി: മുസ്ലിം യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് കഠുവ കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ വളര്‍ത്തച്ഛന്‍ മുഹമ്മദ് യൂസഫ്. രണ്ട് തവണ മാത്രം ഹാജരായ ദീപിക സിങ് രജാവത്തിന് ഒന്നര ലക്ഷത്തില്‍ അധികം രൂപ നല്‍കിയതായി ഇരയുടെ അച്ഛന്‍ മുഹമ്മദ് അക്തറും കൂട്ടിച്ചേര്‍ത്തു.

2018-ല്‍ ആണ് യൂത്ത് ലീഗ് അഞ്ചുലക്ഷം രൂപ തങ്ങള്‍ക്ക് നല്‍കിയതെന്ന് മുഹമ്മദ് യൂസഫ് പറഞ്ഞു. കുറച്ച് തുക ചെക്ക് ആയും ബാക്കി പണമായുമാണ് നല്‍കിയത്. ഡല്‍ഹിയില്‍ വെച്ചായിരുന്നു ചെക്കും പണവും കൈമാറിയതെന്നും യൂസഫ് വ്യക്തമാക്കി. വളര്‍ത്തച്ഛനായിരുന്ന മുഹമ്മദ് യൂസഫിന്റെ സംരക്ഷണത്തില്‍ ആയിരിക്കെയാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.

നിലവില്‍ മുബീന്‍ ഫാറൂഖിയാണ് തങ്ങളുടെ അഭിഭാഷകനെന്ന് ഇരയുടെ അച്ഛന്‍ മുഹമ്മദ് അക്തര്‍ പറഞ്ഞു. ഫാറൂഖിയുടെ കേസ് നടത്തിപ്പില്‍ തൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന്റെ ആദ്യഘട്ടത്തില്‍ ദീപിക സിങ് രജാവത്ത് കുടുംബത്തിന്റെ അഭിഭാഷക ആയിരുന്നു. എന്നാല്‍ പലപ്പോഴും കോടതിയില്‍ ഹാജരായിരുന്നില്ല. രണ്ടുതവണ മാത്രം കോടതിയില്‍ ഹാജരായ ദീപികയെ തുടര്‍ന്ന് മാറ്റുകയായിരുന്നുവെന്നും മുഹമ്മദ് അക്തര്‍ പറഞ്ഞു.

ദീപിക തങ്ങളോട് പണം ആവശ്യപ്പെട്ടിരുന്നതായി ഇരയുടെ ഇളയച്ഛന്‍ അംജദ് അലി ഖാന്‍ പറഞ്ഞു. ഒന്നര ലക്ഷത്തില്‍ അധികം രൂപ ദീപികയ്ക്ക് നല്‍കിയിരുന്നതായും അദ്ദേഹം അറിയിച്ചു. തങ്ങള്‍ക്ക് ഫണ്ട് നല്‍കിയതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന വിവാദങ്ങളെ കുറിച്ച് അറിയാമെന്നും ഇരയുടെ കുടുംബം വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സഹായത്തോടെ ഡല്‍ഹിയില്‍ എത്തിയതായിരുന്നു കഠുവ കൂട്ടബലാത്സംഗ കേസിലെ ഇരയുടെ കുടുംബം.

കഠുവ-ഉന്നാവ് പെണ്‍കുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ യൂത്ത് ലീഗ് സമാഹരിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന ആരോപണം യൂത്ത് ലീഗ് മുന്‍ ദേശീയസമിതിയംഗം യൂസഫ് പടനിലമാണ് ഉയര്‍ത്തിയത്. പണപ്പിരിവിലൂടെ ലഭിച്ച തുക പി.കെ.ഫിറോസും, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈറും ദുര്‍വിനിയോഗം ചെയ്‌തെന്നായിരുന്നു ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here