മുഖ്യമന്ത്രി കേരളത്തിന്റെ അന്തകവിത്ത്; എന്നെ ജയിലിലടക്കാനുള്ള കഴിവൊന്നും പിണറായി വിജയനില്ല: കെ.എം ഷാജി

0
205

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ അന്തകവിത്താണെന്ന് കെ.എം ഷാജി എം.എല്‍.എ. തന്നെ ജയിലിലടക്കാനുള്ള കഴിവൊന്നും മുഖ്യമന്ത്രിക്കില്ലെന്നും ഷാജി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അനധികൃത സ്വത്ത് സമ്പാദനക്കേസ് കെട്ടിച്ചമച്ചതാണെന്നും ഷാജി പറഞ്ഞു. സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ അന്തക വിത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെ തകര്‍ക്കാനുള്ള എല്ലാം അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ട്. അതേസമയം വി.എസ് അച്യുതാനന്ദനടക്കമുള്ള ആരെക്കുറിച്ചും ഇതുവരെ ഞങ്ങള്‍ പറഞ്ഞിട്ടില്ല. പക്ഷെ പിണറായിയെ പോലെ രാഷ്ട്രീയ വൈരം കാണിക്കുന്ന ആള്‍ വേറെയില്ല.

എന്നെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാന്‍ അവര്‍ക്ക് പറ്റുമായിരിക്കും. പക്ഷെ കേസ് തെളിയിക്കേണ്ടത് കോടതിയിലാണ്. അതിനുള്ള കഴിവൊന്നും മുഖ്യമന്ത്രി പിണറായി വിജയനില്ലെന്നും ഷാജി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആടിയുലഞ്ഞ് യു.ഡി.എഫ് വിരുദ്ധത കാണച്ചപ്പോള്‍ ആ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ മത്സരം നടന്നെന്ന് പറയുന്ന അഴീക്കോട് ജയച്ച ആളാണ് ഞാന്‍. തനിക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലം അഴീക്കോട് തന്നെയാണെന്നും ഷാജി പറഞ്ഞു.

കണ്ണൂര്‍- അഴീക്കോട് മണ്ഡലങ്ങള്‍ വെച്ചുമാറാനുള്ള തീരുമാനമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സീറ്റ് പ്രത്യേകം വേണമെന്ന രീതിയില്‍ നേതൃത്വവുമായി ഇതുവരെ സംസാരിച്ചിട്ടില്ല.

പാര്‍ട്ടിക്കകത്ത് പലരോടും അഭിപ്രായ വ്യത്യാസമുണ്ട്. അത് പാര്‍ട്ടിയിലെ ജനാധിപത്യത്തിന്റെ ഭാഗമാണ്. അത് പരസ്പരം പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് പി. കെ കുഞ്ഞാലക്കുട്ടിക്ക് വ്യക്തിപരമായി തന്നോട് പ്രശ്‌നമുണ്ടെന്ന് പറയാനാവില്ല. അദ്ദേഹത്തിന് തന്നെ വലിയ ഇഷ്ടമാണെന്നും കെ. എം ഷാജി പറഞ്ഞു.

പാര്‍ട്ടിക്കകത്ത് വിമതനായാണ് താന്‍ നില്‍ക്കുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നതില്‍ സന്തോഷവാനാണ് എന്നും ഷാജി പറഞ്ഞു.

മന്ത്രിയാകുന്നതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ലെന്നും താന്‍ പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കുമെന്നും ഷാജി പറഞ്ഞു. ആരോപണങ്ങള്‍ക്കിടയില്‍ മത്സരിക്കാതിരിക്കുന്നത് ശരിയല്ല. പക്ഷെ പാര്‍ട്ടി മത്സരിക്കേണ്ട എന്നാണ് പറയുന്നതെങ്കില്‍ മത്സരിക്കില്ലെന്നും ഷാജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here