കണ്ണൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മാസങ്ങളായി ജയിലിലായിരുന്ന മഞ്ചേശ്വരം എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം.സി.ഖമറുദ്ദീൻ ജാമ്യം നേടി പുറത്തിറങ്ങി. പ്രതി ചേർക്കപ്പെട്ട മുഴുവൻ കേസുകളിലും കോടതിയിൽ നിന്നും ജാമ്യം നേടിയതോടെയാണ് ഖമറുദ്ദീൻ്റെ ജയിൽ മോചനം സാധ്യമായത്. ജയിൽ മോചിതനായ എംഎൽഎയെ സ്വീകരിക്കാൻ അണികളും ബന്ധുക്കളും ജയിലിൽ എത്തിയിരുന്നു.
ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന 6 കേസുകളിൽ കൂടി കഴിഞ്ഞ ദിവസം എംഎൽഎക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് 93 ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന എംഎൽഎ പുറത്തിറങ്ങിയത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചന കേസുകളിൽ എംഎൽഎയുടെ കൂട്ടുപ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. മഞ്ചേശ്വരത്ത് ഖമറുദ്ദീന് വീണ്ടുമൊരവസരം കൊടുക്കാൻ ഇനി മുസ്ലീം ലീഗ് തയ്യാറാവില്ല എന്നാണ് സൂചന.