ഇന്ത്യയിൽ ഏറ്റവുംകൂടുതൽ പേർ ഉപയോഗിക്കുന്ന സമൂഹമാധ്യമം ഇതാണ്​, കണക്കുകൾ​ പുറത്തുവിട്ട്​ കേന്ദ്രം

0
350

ഇന്ത്യയിലെ സമൂഹമാധ്യമ അകൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട്​ കേന്ദ്ര സർക്കാർ. വാട്​സ്​ ആപ്പ്​, യൂട്യൂബ്​, ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം, ട്വിറ്റർ അകൗണ്ടുകളുടെ എണ്ണമാണ്​ പുറത്തുവന്നിരിക്കുന്നത്​. ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന സമൂഹമാധ്യമം വാട്​സ്​ആപ്പാണ്​, 53 കോടി. 44.8കോടിയുമായി യൂട്യൂബും 41 കോടിയുമായി ഫേസ്​ബുക്കും രണ്ടും മൂന്നും സ്​ഥാനങ്ങളിലുണ്ട്​. നാലാം സ്​ഥാനത്തുള്ള ഇൻസ്റ്റഗ്രാമിന്​ 21 കോടി അകൗണ്ടുകളാണുള്ളത്​.

ഏറ്റവും കുറവ്​ ഉപഭോക്​താക്കളുള്ള ട്വിറ്ററിന്​ വെറും 1.75 കോടി അകൗണ്ടുകൾ മാത്രമാണുള്ളത്​. രാജ്യത്ത്​ സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ്​ കേന്ദ്രം വ്യാഴാഴ്ച കണക്കുകൾ പുറത്തുവിട്ടത്​. ഐടി മന്ത്രി രവിശങ്കർ പ്രസാദും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും സംയുക്തമായിട്ടാണ് ഇക്കാര്യം അറിയിച്ചത്.

വ്യാജ വാർത്തകൾ, വിദ്വേഷ ഭാഷണം, സിനിമയിലെ ഗ്രാഫിക് ഇമേജറി മുതലായവയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ്​ പ്രധാനപ്പെട്ട സോഷ്യൽ മീഡിയകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയ​ന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്​. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ആശങ്കകൾ ഉയർന്നതായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here