അയോധ്യയില്‍ പള്ളി പണിയാന്‍ കൊടുത്ത അഞ്ച് ഏക്കര്‍ സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് സഹോദരിമാര്‍ ഹൈക്കോടതിയില്‍

0
308
അയോധ്യയില്‍ പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിനു നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് സഹോദരിമാര്‍ ലക്‌നൗ ഹൈക്കോടതിയില്‍. ഡല്‍ഹി സ്വദേശികളായ റാണി ബലൂജ, രമാ റാണി പഞ്ചാബി എന്നിവര്‍ നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് എട്ടിനു പരിഗണിക്കും.
തങ്ങളുടെ പിതാവ് ഗ്യാന്‍ ചന്ദ്ര പഞ്ചാബിയുടെ പേരിലുള്ള 28 ഏക്കറില്‍ അഞ്ച് ഏക്കര്‍ സ്ഥലമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പള്ളി പണിയാനായി വഖഫ് ബോര്‍ഡിനു കൈമാറിയിരിക്കുന്നതെന്ന് ഹരജിയില്‍ പറയുന്നു. വിഭജനകാലത്ത് പഞ്ചാബില്‍നിന്നു വന്ന പിതാവ് ഫൈസാബാദില്‍ താമസമാക്കുകയായിരുന്നു. ധനിപൂര്‍ വില്ലേജില്‍ 28 ഏക്കര്‍ അഞ്ചു വര്‍ഷത്തേക്ക് അദ്ദേഹത്തിനു പതിച്ചുകിട്ടി. ആ കാലയളവിനു ശേഷവും ഭൂമി അദ്ദേഹത്തിന്റെ പേരില്‍ തന്നെ തുടരുകയായിരുന്നു. റവന്യൂ രേഖകളില്‍ അതു രേഖപ്പെടുത്തിയിട്ടുണ്ട്.
സെറ്റില്‍മെന്റ് ഓഫിസറുടെ മുന്നിലുള്ള അപ്പീലീല്‍ തീരുമാനമാവുന്നതു വരെ ഭൂമി പള്ളിക്കു വിട്ടുകൊടുത്ത ഉത്തരവ് മരവിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ് അയോധ്യയില്‍ പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here