കളിക്കളത്തില്‍ തങ്ങള്‍ക്കനുകൂലമായി കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ താരങ്ങള്‍ ആഘോഷ പ്രകടനം നടത്തുന്നത് കാണാം. എന്നാല്‍ ക്രിക്കറ്റ് അമ്പയറോ ഫുട്ബോള്‍ റഫറിമാരോ തുടങ്ങി മത്സരം നിയന്ത്രിക്കുന്നവര്‍ ഇത്തരത്തില്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തുന്നത് വളരെ വിരളമായി കാണാന്‍ സാധിക്കുന്ന കാഴ്ചയാണ്. അങ്ങനെയൊരു കാഴ്ചക്കാണ് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് സാക്ഷിയായത്
ഇസ്‍ലാമാബാദ് യുണൈറ്റഡും കറാച്ചി കിങ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് അമ്പയറായ അലീം ദാറിന്‍റെ അപ്രതീക്ഷിത ആഘോഷം ക്യാമറയില്‍ പതിഞ്ഞത്. മത്സരത്തില്‍ ഒരു ഓവർ ശേഷിക്കെ ഇസ്‍ലാമാബാദ് യുണൈറ്റഡ് കറാച്ചിക്കെതിരെ വിജയം നേടുകയായിരുന്നു. ഇതിനിടെയാണ് സംഭവം നടന്നത്. ഇസ്‍ലാമാബാദ് ബാറ്റ്സ്മാന്‍ ആസിഫ് അലി വിജയ റണ്ണിനായി ശ്രമിക്കുമ്പോള്‍ ബാറ്റ് പാഡില്‍ തട്ടിയ ശബ്ദം കേട്ടു. തുടര്‍ന്ന് ബൌളിങ് ടീം അപ്പീല്‍ ചെയ്യുകയായിരുന്നു. പക്ഷേ ബാറ്റാണ് പാഡില്‍ തട്ടിയതെന്നിരിക്കെ അമ്പയര്‍ അലീം ദാര്‍ അപ്പീല്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കറാച്ചി ടീം ഡിസിഷന്‍ റിവ്യൂവിന് വിട്ടു.
Aleem Dar Thug Life Moment at the End when they lost the review ??? pic.twitter.com/boldCdV4S7
— Taimoor Zaman (@taimoorze) February 24, 2021
എന്നാല്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പമായിരുന്നു മൂന്നാം അമ്പയറുടെ തീരുമാനവും. നോട്ട് ഔട്ട്..! ഫീല്‍ഡിങ് ടീം റിവ്യൂ ചെയ്തിട്ടും അലീം ദാറിന് തീരുമാനം മാറ്റേണ്ടി വന്നില്ല. ഇതോടെ തന്‍റെ തീരുമാനം ശരിയായിരുന്നു എന്ന് മനസിലാക്കിയ അലീം ദാര്‍ കളിക്കളത്തില്‍ താരങ്ങള്‍ പെരുമാറുന്നത് പോലെ പ്രതികരിക്കുകയായിരുന്നു. അമ്പയറുടെ അപ്രതീക്ഷിത ആഘോഷം ക്യാമറയില്‍ പതിഞ്ഞതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുയും ചെയ്തു.
ക്രിക്കറ്റ് മല്‍സരത്തില്‍ അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി ഉണ്ടെങ്കില്‍ തീരുമാനത്തെ റിവ്യൂ ചെയ്യാനുള്ള ഡി.ആര്‍.എസ് സംവിധാനം നിലവില്‍ വന്നിട്ട് കുറച്ച് വര്‍ഷങ്ങളായി. ആദ്യം മൂന്ന് തവണ തീരുമാനം റിവ്യൂവിന് വിടാനുള്ള അവസരം ഒരു ടീമിന് ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ടെസ്റ്റ് ഇന്നിങ്സില്‍ രണ്ട് തവണയായും പരിമിത ഓവര്‍ മത്സരങ്ങളില്‍ ഒന്നായും കുറച്ചിട്ടുണ്ട്.