ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ല; ശോഭാ സുരേന്ദ്രന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

0
361

മുസ്‍ലിം ലീഗിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച ബി.ജെ.പിക്ക് മറുപടിയുമായി ലീഗ് രംഗത്തെത്തി. ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെയാണ് നിങ്ങള്‍ക്ക് ക്ഷണിക്കാന്‍ നല്ലത്. അവരാണിപ്പോള്‍ ബി.ജെ.പിയുടെ ഭാഷയില്‍ സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നരേന്ദ്ര മോദിയെ നേതാവായി അംഗീകരിച്ചാൽ ലീഗിനെ സ്വീകരിക്കാൻ തയ്യാറാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ലീഗ് വർഗീയ പാർട്ടിയാണെന്നും അതിനെ നന്നാക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഇതിനോടുള്ള കെ. സുരേന്ദ്രന്‍റെ പ്രതികരണം.

പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന വിശദീകരണവുമായി കെ.സുരേന്ദ്രന്‍ പിന്നീട് രംഗത്തെത്തി. വിജയ യാത്രയുടെ തൃശ്ശൂരിലെ വേദിയിലായിരുന്നു ഇത്തവണ ഇരു നേതാക്കൻമാരുടെയും പ്രസ്താവനകൾ.

ഉദ്ഘാടനം നിർവഹിച്ച ശോഭ സുരേന്ദ്രൻ വീണ്ടും ലീഗിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു. ലീഗ് വർഗ്ഗീയ പാർട്ടിയാണെന്നും ആ പുള്ളി മായില്ലെന്നുമായിരുന്നു കെ.സുരേന്ദ്രന്‍റെ പ്രതികരണം. തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ വിശദീകരണവുമായി കെ.സുരേന്ദ്രൻ രംഗത്തെത്തി.

നയം മാറ്റിയാല്‍ കുഞ്ഞാലിക്കുട്ടിയേയും പാണക്കാട് തങ്ങളേയും സ്വാഗതം ചെയ്യുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പാർട്ടി വേദികളിൽ നിന്ന് വിട്ടു വന്ന ശോഭ സുരേന്ദ്രൻ വിജയ യാത്രയിലാണ് പിന്നീട് ബി.ജെ.പി പരിപാടിയിലെത്തിയത്. എന്നാൽ യാത്രയിലും പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here