കാസർകോട്: ദേശീയപാത 66ൽ തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക്. രാജ്യാന്തര ടെൻഡറിൽ അഹമ്മദാബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മേഘ, കെഎൻആർ ഗ്രൂപ്പുകൾ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ കരസ്ഥമാക്കിയത്. കേരളത്തിൽനിന്നുള്ള ഒരു കരാർ സ്ഥാപനത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ദേശീയപാതാ അതോറിറ്റിയുടെ കരാറിൽ ആദ്യമായാണ് ഊരാളുങ്കൽ സൊസൈറ്റി തനിച്ചു പങ്കെടുക്കുന്നതും കരാർ നേടുന്നതും. കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരി ആക്കുന്ന പദ്ധതിയിൽ ആദ്യ റീച്ചാണ് തലപ്പാടി മുതൽ ചെങ്കള വരെയുള്ളത്. 1704.125 കോടി രൂപയ്ക്കാണു സൊസൈറ്റിക്കു ടെൻഡർ ലഭിച്ചത്. ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെൻഡറിനെക്കാൾ 132 കോടി രൂപ കുറവാണിത്. അദാനി ഗ്രൂപ്പ് 1836.49 കോടി രൂപയും മേഘ ഗ്രൂപ്പ് 1965.99 കോടി രൂപയും കെഎൻആർ ഗ്രൂപ്പ് 2199.00 കോടി രൂപയുമാണു ക്വോട്ട് ചെയ്തത്. എസ്റ്റിമേറ്റ് തുക 1268.53 കോടി രൂപയാണ്.
കേന്ദ്ര സർക്കാരിന്റെ കരാറുകൾ ലഭിക്കുന്ന നിലയിലേക്കുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ വളർച്ച ഗുണമേന്മയ്ക്കും മികച്ച സേവനത്തിനുമുള്ള അംഗീകാരമാണെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. ഭാരത് മാല, സുവർണ ചതുഷ്ക്കോണ സൂപ്പർ ഹൈവേ തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുന്ന നാഷനൽ ഹൈവേ ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഇത്തരം പ്രവൃത്തികളുടെ ടെൻഡറിൽ ഒറ്റയ്ക്കു പങ്കെടുക്കാൻ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരു കരാർ സ്ഥാപനം ഊരാളുങ്കൽ സൊസൈറ്റിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്തു നടത്താൻ കഴിയുന്ന രാജ്യത്തെ ഏക സഹകരണസംഘവും ഊരാളുങ്കലാണ്.
ഭാരത് മാല പദ്ധതിയിൽ പെടുന്ന ഈ റോഡ് 15 വർഷത്തെ പരിപാലനം കൂടി ഉൾപ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണു വികസിപ്പിക്കുന്നത്. ഇതു പ്രകാരം 2 വർഷമാണു നിർമാണകാലാവധി. കരാറിന്റെ 40 ശതമാനം തുകയേ നിർമാണസമയത്തു ലഭിക്കൂ. ബാക്കി 15 വർഷം കൊണ്ട് 30 ഗഡുക്കളായാണു നൽകുക. നിർമാണത്തിന്റെ 60 ശതമാനം തുക കരാറുകാരായ സൊസൈറ്റി കണ്ടെത്തണം. ഇതിന്റെ പലിശയും സൊസൈറ്റി വഹിക്കണം.കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരി ആക്കുന്ന പദ്ധതിയിൽ കൊടുങ്ങല്ലൂർ വരെയുള്ള മറ്റ് 10 റീച്ചുകളുടെയും ആലപ്പുഴ ജില്ലയിലെ പറവൂർ മുതൽ കടമ്പാട്ടുകോണം വരെയുള്ള 3 റീച്ചിലെയും ടെൻഡർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ റീച്ചിനു പുറമെ മറ്റു 2 റീച്ചുകളിൽ കൂടി ഊരാളുങ്കൽ ടെൻഡറിൽ പങ്കെടുത്തിരുന്നെങ്കിലും ലഭ്യമായില്ല.