കാസർകോഡ് കോസ്റ്റൽ സി ഐയെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവം; ‌അഭിഭാഷകന് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത് 68 അഭിഭാഷകര്‍

0
194

ഹൈക്കോടതി വളപ്പിൽ പോലീസുകാരനെ മർദ്ദിച്ച കേസിലെ ഒരു അഭിഭാഷകൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. 68 അഭിഭാഷകർ ചേർന്നാണ് പ്രതിയായ അഡ്വ. സി എസ് ഹേമലിന് വേണ്ടി മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്.

കാസർകോഡ് കോസ്റ്റൽ സി.ഐ ലൈസാദ് മുഹമ്മദിനെയാണ് ഒരുകൂട്ടം അഭിഭാഷകർ ചേര്‍ന്ന് മർദ്ദിച്ചത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എ.ജി യുടെ അധ്യക്ഷതയിലുള്ള മധ്യസ്ഥ സമിതിയിൽ പങ്കെടുത്തശേഷം പുറത്തിറങ്ങിയപ്പോൾ ചേർത്തലക്കാരനായ അഭിഭാഷകനും സുഹൃത്തുക്കളും അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് സി.ഐയുടെ പരാതി.

ചേർത്തലയിൽ കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് അനധികൃത കാർപാർക്കിങ്ങിന്‍റെ പേരിൽ അഭിഭാഷകനും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായത്. കേസെടുത്തത് നിയമപരമല്ലെന്നും പൊലീസ് മർദിച്ചെന്നും അഭിഭാഷകൻ ബാർ കൗൺസിലിൽ പരാതി നൽകിയിരുന്നു. സ്ഥലം എസ്.ഐ ആയിരുന്ന ലൈസാദ് മുഹമ്മദിനെതിരെയായിരുന്നു പരാതി. പ്രമോഷനായി കാസർകോട് പോയ ലൈസാദ് മധ്യസ്ഥ ചർച്ചയ്ക്കാണ് കൊച്ചിയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here