കണ്ണൂർ സ്വദേശിനി ശ്വാസ നാളത്തിൽ വിസിലുമായ ജീവിച്ചത് 25 വർഷം ! ഒടുവിൽ പുറത്തെടുത്തു

0
195

കണ്ണൂർ സ്വദേശിനിയായ സ്ത്രീ ശ്വാസ നാളത്തിൽ വിസിലുമായ ജീവിച്ചത് 25 വർഷം. ഒടുവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയെ തുടർന്ന് വിസിൽ വിജയകരമായി പുറത്തെടുത്തു.

25 വർഷങ്ങൾക്ക് മുമ്പ് തന്റെ പതിനഞ്ചാം വയസിൽ കളിക്കുന്നതിനിടെയാണ് കണ്ണൂർ സ്വദേശിനിയായ സ്ത്രീ അറിയാതെ വിസിൽ വിഴുങ്ങിയത്. തന്റെ ശ്വാസനാളത്തിൽ വിസിൽ കുടുങ്ങിയ വിവരം യുവതിക്ക് അന്ന് അറിയില്ലായിരുന്നു. എന്നാൽ വിസിൽ ശരീരത്തിനകത്തെത്തിയതിന്റെ അസ്വസ്ഥതകൾ വരുംദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്നു. വിട്ടുമാറാത്ത ചുമയും മറ്റ് ബുദ്ധിമുട്ടുകളുമായിരുന്നു അവ. എന്നാൽ ഇത് ആസ്മാരോഗമായാണ് തെറ്റിദ്ധരിച്ചിരുന്നത്.

വർഷങ്ങളായുള്ള വിട്ടുമാറാത്ത ചുമയുമായി തളിപ്പറമ്പിലെ പൾമണോളജിസ്റ്റ് ഡോ: ജാഫറിന്റെ ക്ലിനിക്കിൽ ചികിത്സ തേടിയ യുവതിയെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ സിടി സ്‌കാനിലാണ് ശ്വാസനാളിയിൽ അന്യവസ്തു കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയത്തിലേക്ക് എത്തിച്ചത്. ഉടൻ തന്നെ പൾമണോളജിസ്റ്റ് ഡോ: രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരും നഴ്‌സുമാരുമടങ്ങിയ സംഘം ശ്വാസനാളത്തിൽ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്‌കോപ്പിക്ക് സ്ത്രീയെ വിധേയയാക്കി. ഏവരേയും വിസ്മയിപ്പിച്ചു കൊണ്ട് ബ്രോങ്കോസ്‌കോപ്പി വഴി പുറത്തെത്തിയത് ചെറിയ ഒരു വിസിലായിരുന്നു. രോഗിയോട് വീണ്ടും തിരക്കിയപ്പോഴാണ് പതിനഞ്ചാം വയസിലെ സംഭവം അവർ ഓർത്തെടുത്തത്. വിസിൽ തന്റെ ശ്വാസനാളത്തിൽ ഇത്രയും വർഷങ്ങളായി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഒരു ഞെട്ടലോടെയാണ് മട്ടന്നൂർ സ്വദേശിനിയായ ഈ നാൽപതുകാരി തിരിച്ചറിഞ്ഞത്.

ആസ്ത്മാ രോഗമായി കരുതപ്പെട്ട് ഇത്രയും കാലം ചികിത്സിച്ച വിട്ടു മാറാത്ത ചുമയും അനുബന്ധ വിഷമങ്ങളും എല്ലാം മാറിയതിന്റെ സന്തോഷത്തിലാണ് അവരിപ്പോൾ. കണ്ണൂർ മെഡിക്കൽ കോളജിലെ പൾമണോളജി വിഭാഗത്തിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നന്ദി പറഞ്ഞു കൊണ്ട് രോഗമൊഴിഞ്ഞ പുതു ജീവിതത്തിന്റെ വിസിലടിക്ക് കാതോർത്ത് മട്ടന്നൂർ സ്വദേശിനി ആശുപത്രിയുടെ പടിയിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here