ദില്ലി: ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറത്തിറക്കിയ പുതിയ നിബന്ധനകള്‍ ഫെബ്രുവരി 22 മുതല്‍ പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അറിയിപ്പ്.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതുകയും അത് എയര്‍ സുവിധാ പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യുകയും വേണം. യാത്രയ്ക്ക് മുമ്പ് തന്നെ എയര്‍ സുവിധാ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. www.newdelhiairport.in എന്ന വെബ്‍സൈറ്റ് വഴിയാണ് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടത്. കഴിഞ്ഞ 14 ദിവസത്തിനിടെ നടത്തിയ മറ്റ് യാത്രകളുടെ വിവരങ്ങള്‍ ഈ ഡിക്ലറേഷനില്‍ നല്‍കണം. സെല്‍ഫ് ഡിക്ലറേഷന്‍ ഫോമിന്റെയും പിസിആര്‍ പരിശോധനാ ഫലത്തിന്റെയും കോപ്പി വിമാനത്തില്‍ കയറുമ്പോള്‍ കൈവശം സൂക്ഷിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
#FlyWithIX : Attention passengers ⚠️ pic.twitter.com/cDeuWer7vP
— Air India Express (@FlyWithIX) February 25, 2021
അതേസമയം നാട്ടിലെ വിമാനത്താവളത്തില്‍ പണമടച്ചുള്ള പിസിആര്‍ പരിശോധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഭാര്യയും ഭര്‍ത്താവും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന് യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ പിസിആര്‍ പരിശോധനയ്ക്ക് മാത്രം വേണ്ടിവരുന്നത് 25,000 രൂപയാണ്. 72 മണിക്കൂർ സമയപരിധിയിലുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി നാട്ടിലെത്തിയാല്‍ വീണ്ടും പണം കൊടുത്ത് പരിശോധന നടത്തേണ്ടിവരുന്ന സാഹചര്യത്തിലാണ് പ്രവാസികള്‍ പ്രതിഷേധം ഉയര്‍ത്തുന്നത്.