കോഴിക്കോട്: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിര്‍മിക്കാനുള്ള നിലവിലെ നിയമ തടസ്സങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പുതിയ ഉത്തരവ് ഇറങ്ങുന്നതോടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനാവും. നിലവിലെ കെട്ടിട നിയമ ചട്ടങ്ങള്‍ പ്രകാരം ഏതു മത വിഭാഗത്തിനും ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉടന്‍ പുറത്തിറക്കും.
കെട്ടിട നിയമങ്ങള്‍ പാലിച്ചുള്ള എല്ലാ അപേക്ഷകള്‍ക്കും ഇനി അനുമതി ലഭിക്കും. ഒരു കെട്ടിടം എന്ന രീതിയില്‍ പാലിക്കേണ്ട നിയമ ചട്ടങ്ങള്‍ മാത്രമായിരിക്കും ആരാധനാലയത്തിനു അനുമതി നല്‍കുമ്പോള്‍ ഇനി പരിഗണിക്കുക. നിലവില്‍ കെട്ടിട നിയമ പ്രകാരം ലഭിച്ച അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി ഔദ്യോഗികമായി തന്നെ ആരാധനാലയങ്ങളായി പ്രവര്‍ത്തിക്കാന്‍ കഴിയും. ആരാധനാലയം എന്ന രീതിയില്‍ അനുമതി ലഭിക്കുന്നതോടെ മുസ്ലിം ആരാധനാലയമായ പള്ളികള്‍ക്ക് ബാങ്കുവിളിക്കായി ഉച്ചഭാഷണികള്‍ ഉപയോഗിക്കാനാവും. മറ്റു മത വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യാം.
ആരാധനാലയങ്ങള്‍ നിര്‍മിക്കാനുള്ള അന്തിമ അനുമതി നല്‍കാനുള്ള അധികാരം ഇതുവരെ ജില്ലാ കലക്ടറര്‍ക്കു മാത്രമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടൊപ്പം കലക്ടറുടെ അനുമതി കൂടി ലഭിക്കേണ്ടിയിരുന്നു. പൊലീസ്-റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ അന്വേഷണത്തിനു ശേഷമാണ് കലക്ടര്‍ അനുമതി നല്‍കിയിരുന്നത്. നിരവധി അപേക്ഷകള്‍ പല ജില്ലകളിലും കലക്ടര്‍മാര്‍ തള്ളുകയും ചെയ്തിരുന്നു.
പുതിയ ഉത്തരവ് ഇറങ്ങുന്നതോടെ ആരാധനാലയം നിര്‍മിക്കാനുള്ള തടസ്സങ്ങള്‍ മാറും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമര്‍ക്ക് അന്തിമമായി അനുമതി നല്‍കാനാവും. വര്‍ഷങ്ങളോളമായി വിവിധ മത സംഘടനകള്‍ ആവശ്യപ്പെട്ടിരുന്ന ഈ വിഷയം വിവിധ ഘട്ടങ്ങളില്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു.