സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ ചിത്രീകരിക്കൂ, ഐ ഫോണ്‍ 12 തരാമെന്ന് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിനൊരുങ്ങി അസം

0
202

ഗുവാഹത്തി: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേ സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ മത്സരവുമായി അസം കോണ്‍ഗ്രസ്. അസം ബച്ചാവോ എന്ന പേരിലാണ് സോഷ്യല്‍ മീഡിയ വീഡിയോ കോണ്‍ടസ്റ്റ് നടത്തുന്നത്.

10 ദിവസം നീണ്ടുനില്‍ക്കുന്ന വീഡിയോ കോണ്‍ടസ്റ്റ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ പ്രശ്‌നങ്ങളെ കുറിച്ച് രണ്ട് മിനുറ്റ് വരുന്ന വീഡിയോ അയക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഐ ഫോണ്‍ 12വും മറ്റ് സമ്മാനങ്ങളുമാണ് വിജയികള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രകടന പത്രിക അദ്ധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് ആണ് മത്സരം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് മനസ്സിലാക്കാനും അവയുടെ പരിഹാരങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താനും ഈ മത്സരം സഹായിക്കുമെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു. വരുന്ന അസം നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 126 സീറ്റുകളില്‍ 101 സീറ്റുകള്‍ നേടുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. അത് ഉറപ്പുവരുത്തുന്നതിന് വേണ്ടി ചത്തീസ്ഗഡ് മോഡല്‍ സ്വീകരിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനം.

ചത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ 90 സീറ്റില്‍ 70 സീറ്റും കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കാന്‍ അവിടെ കോണ്‍ഗ്രസ് നടപ്പാക്കിയ തന്ത്രങ്ങള്‍ അസമിലും നടത്താനാണ് തീരുമാനം. അവിടെ വിജയത്തിലേക്ക് നയിച്ച നേതാക്കളെ അസമിലെത്തിച്ച് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് തീരുമാനം.

ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലിനാണ് അസം നിരീക്ഷണ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച അസമിലെ ജോര്‍ഹത്ത് ജില്ലയിലെ പാര്‍ട്ടി പരിപാടിയില്‍ ഭൂപേഷ് ഭാഗെല്‍ പങ്കെടുത്തു. തുടര്‍ച്ചയായി അസമിലെ പാര്‍ട്ടി പരിപാടികളില്‍ ഭൂപേഷ് ഭാഗെല്‍ പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here