മുക്കം (കോഴിക്കോട്)∙ സിനിമാ സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ സിദ്ദിഖ് ചേന്ദമംഗല്ലൂർ മുസ്‌ലിം ലീഗിൽ ചേർന്നു. ബുധനാഴ്ച പാണക്കാട് വച്ച് നടന്ന ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ.ഫിറോസ്, സി.കെ കാസിം എന്നിവർ പങ്കെടുത്തു.
നേരത്തെ എംഎസ്എഫ് രാഷ്ടീയത്തിലൂടെ മുക്കം എംഎഎംഒ ചെയർമാൻ ആയ സിദ്ദിഖ് ചേന്ദമംഗല്ലൂർ യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് പാർട്ടി വിട്ട് ആംആദ്‌മിയിലേക്ക് ചേക്കേറിയെങ്കിലും കഴിഞ്ഞ വർഷം രാജിവച്ചിരുന്നു. രാജിക്ക് ശേഷം ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ഏറെ അടുപ്പം പുലർത്തിയെങ്കിലും മുസ്‌ലിം ലീഗിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.
അഞ്ച് ഫിലിം ക്രിറ്റിക്സ് അവാർഡും രണ്ട് സംസ്ഥാന അവാർഡുകളുമടക്കം 28 അവാർഡുകൾ വാരിക്കൂട്ടിയ ‘ഊമക്കുയിൽ പാടുമ്പോൾ’, തലൈവാസൽ വിജയ് നായകനായ ‘കുഞ്ഞിരാമന്റെ കുപ്പായം’ എന്നിവയാണ് സിദ്ദിഖ് ചേന്ദമംഗല്ലൂരിന്റെ പ്രധാന സിനിമകൾ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മെമ്പർ, ഫെഫ്ക്ക മെമ്പർ, കേരള സ്ക്രിപ്റ്റ് റൈറ്റേർസ് മെമ്പർ, മാപ്പിള കലാ കേരള വൈസ് പ്രസിഡന്റ്, മുസീഷ്യൻ വെൽഫെയർ അസോസിയേഷൻ മെമ്പർ, അസോസിയേഷൻ ഫോർ സേഷ്യോ മ്യൂസിക്കൽ ആൻഡ് ഹ്യൂമാനിറ്റോറിയൽ ആക്റ്റിവിറ്റി (ആശ) തുടങ്ങി നിരവധി കലാ സാംസ്കാരിക സംഘടനകളിലും സിദ്ദിഖ് ചേന്ദമംഗല്ലൂർ സജീവമാണ്.