ന്യൂഡൽഹി: യു.എസിൽ 20 ശതമാനം, ജപ്പാനിൽ 45 ശതമാനം, മോദിയുടെ ഇന്ത്യയിൽ 260 ശതമാനം. രാജ്യത്ത് നടക്കുന്ന അന്യായമായ ഇന്ധന നികുതിക്കൊള്ളയുടെ കണക്കുകൾ നിരത്തി ശശി തരൂരിന്‍റെ ട്വീറ്റ്.
ലോക രാജ്യങ്ങൾ ഇന്ധനത്തിന് ചുമത്തിയിരിക്കുന്ന നികുതി കണക്കുകൾക്കൊപ്പം ഇന്ത്യയിലെ നിരക്കും ഉൾപ്പെടുത്തിയ ട്വീറ്റിലാണ് ചൂഷണത്തിന്‍റെ കണക്കുകൾ പറയുന്നത്. ക്രൂഡോയിലിന് വിലകുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ വില 100 കടക്കാൻ കാരണം ഭീമമായ നികുതി ഈടാക്കുന്നതാണ്. 20 ശതമാനം നികുതി ഈടാക്കുന്ന യു.എസിൽ 56.55 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ജപ്പാനിൽ 45 ശതമാനം നികുതി ചുമത്തുേമ്പാൾ യു.കെയിൽ 62 ഉം ഇറ്റലിയിലും ജർമനിയിലും 65 ശതമാനമാണ് നികുതി.
ഇന്ത്യയുടെ അയൽ രാജ്യങ്ങളിലും ഇന്ധനം വിൽക്കുന്നത് വൻ വിലക്കുറവിലാണ്. ശ്രീലങ്കയിൽ കഴിഞ്ഞ ദിവസത്തെ പെട്രോൾ, ഡീസൽ വില 60.29, 38.91 നിരക്കിലായിരുന്നു. നേപ്പാളിൽ 69.01, 58.32 ഉം പാകിസ്താനിൽ 51.13, 53.02 ബംഗ്ലാദേശ് 76.43, 55.78 എന്നീ നിരക്കിലുമാണ് വിൽക്കുന്നത്.