കോവിഡ്: തലപ്പാടിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിൽനിന്ന് കർണാടക സർക്കാർ പിൻമാറുന്നു

0
316

മംഗളൂരു: കേരളത്തിൽ കോവിഡ് വ്യാപിക്കുന്നുവെന്ന് പറഞ്ഞ് തലപ്പാടിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിൽനിന്ന് കർണാടക സർക്കാർ പിൻമാറുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കോവിഡ് പരിശോധനാഫലമില്ലാതെ കേരളത്തിൽനിന്നുള്ള യാത്രക്കാരെ തലപ്പാടി അതിർത്തിവഴി കടത്തിവിട്ടു. തലപ്പാടി അതിർത്തിയിൽ കർണാടക സൗജന്യമായി കോവിഡ് പരിശോധനയ്ക്കായി ആരംഭിച്ച താത്കാലിക കേന്ദ്രം ഞായറാഴ്ച മുതൽ നിർത്താനും തീരുമാനിച്ചു.

അതിർത്തിയിൽ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കോവിഡ് പരിശോധനാകേന്ദ്രം ആരംഭിച്ചത്. ആദ്യദിവസം 325 പേരും രണ്ടാംദിനം 287 പേരും മൂന്നാംദിനം 309 പേരും വ്യാഴാഴ്ച 44 പേരും ഈ സൗജന്യ പരിശോധന നടത്തി. വെള്ളിയാഴ്ച 29 പേരും ഇവിടെനിന്ന് കോവിഡ് പരിശോധനയ്ക്കായി സ്രവം നൽകി. അതിർത്തിയിൽ ഒരുക്കിയ കോവിഡ് പരിശോധനാകേന്ദ്രത്തിൽ ബുധനാഴ്ച വരെ സ്രവം നൽകിയവർക്ക് കോവിഡില്ലെന്ന് മംഗളൂരുവിലെ ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. വ്യാഴം, വെള്ളി ദിനങ്ങളിൽ സ്രവം നൽകിയവരുടെ പരിശോധനാഫലം വരാനിരിക്കുന്നതേയുള്ളൂ. മൂന്നു ദിവസങ്ങളിലായി കോവിഡ് പരിശോധന നടത്തിയ യാത്രക്കാരുടെ ഫലം നെഗറ്റീവാണെന്ന് കണ്ടതോടെയാണ് അതിർത്തിയിലെ കോവിഡ് പരിശോധനാകേന്ദ്രം ഒഴിവാക്കുന്നതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here