കോഴിപ്പോരിന് തയാറെടുക്കവേ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റു യുവാവ് മരിക്കാനിടായായ സംഭവത്തിന് കാരണക്കാരനായ പൂവൻകോഴിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന കോഴിക്ക് തീറ്റ നൽകി പോലീസ് പാറാവിൽ പാർപ്പിച്ചിരിക്കുകയാണ്.
പോരിനായി കോഴികളെ തയാറാക്കാൻ തുടങ്ങുകയായിരുന്ന യുവാവിനാണ് അബദ്ധത്തിൽ ഉണ്ടായ പരിക്ക് മൂലം സ്വന്തം ജീവൻ നഷ്ടപ്പെട്ടത്. സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ വ്യക്തിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണമടയുകയായിരുന്നു.
കഴിഞ്ഞ എട്ടു വർഷങ്ങളായി താൻ വളർത്തിവന്ന കോഴിയേയും കൂട്ടിയാണ് സതീഷ് എന്നയാൾ കോഴിപ്പോര് നടക്കുന്ന വേദിയിലെത്തിയത്. കോഴികളും അവയുടെ കാലിൽ കെട്ടാനുള്ള കത്തികളും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. എന്നാൽ വളരെ പെട്ടെന്നാണ് ദാരുണമായ സംഭവവികാസങ്ങൾ. പിന്നീട് അവിടെ നടന്നത് കണ്ടുനിന്നവരെ പോലും ഞെട്ടിക്കുകയായിരുന്നു.
തെലങ്കാനയിലെ ജഗതിയാൽ ജില്ലയിലെ ലോത്തനൂർ എന്ന ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. ഒട്ടേറെപ്പേർ കോഴിപ്പോര് കാണാൻ എത്തിയിരുന്നു. സതീഷ് പതിയെ നിലത്തിരുന്ന് തന്റെ കാലുകൾക്കിടയിൽ ഇരുത്തി കോഴിയുടെ കാലിൽ കത്തി കെട്ടിവയ്ക്കാൻ ഒരുങ്ങി.
ഒരു കോഴിയുടെ ആദ്യത്തെ കാലിൽ ഒരുവിധം കത്തി മുറുക്കിക്കെട്ടി. എന്നാൽ രണ്ടാമത്തെ കാലിൽ കെട്ടാൻ ഒരുങ്ങിയതും കോഴി കുതറിയോടി.
എന്നാൽ പറന്നുനീങ്ങാൻ ശ്രമിച്ച കോഴിയെ സതീഷ് തിരികെപ്പിടിക്കാൻ ശ്രമിച്ചു. മല്പിടുത്തതിൽ കോഴിയുടെ ഒരു കാലിൽ മുറുകിയ കത്തി സതീഷിന്റെ ജനനേന്ദ്രിയത്തിലും വൃഷണത്തിലുമായി ഗുരുതരമായി മുറിവേൽപ്പിച്ചു.
ഗുരുതര പരിക്കുകളോടുകൂടി ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും സതീഷിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കോഴി പറന്നു പോയിരുന്നെകിൽ ഒരു പക്ഷെ അപകടം ഒഴുവാകുമായിരുന്നു. മരിച്ച വ്യക്തിക്ക് ഭാര്യയും രണ്ടു പെണ്മക്കളുമുണ്ട്. വിചിത്രമായ ഈ അറസ്റ്റിൽ പൂവൻ കോഴിക്ക് എന്ത് ശിക്ഷ നൽകും എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.